
ന്യൂഡൽഹി : ഡൽഹിയിൽ ഇന്നലെ വായു നിലവാര സൂചിക ഗുരുതര വിഭാഗത്തിൽപ്പെട്ട 487 രേഖപ്പെടുത്തി. ജനജീവിതം ദുസഹമായതോടെ കൃത്രിമ മഴ പെയ്യിക്കാൻ അനുമതി തേടി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്രസർക്കാരിന് കത്ത് നൽകി. കാർമേഘങ്ങളെ കൃത്രിമമായി ഘനീഭവിപ്പിച്ച് മഴ പെയ്യിപ്പിക്കുന്നതാണ് രീതി. ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ നടപ്പാക്കുന്ന കൃത്രിമമഴയിലൂടെ അന്തരീക്ഷത്തിലെ വിഷകണങ്ങളെ അടക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് കരുതുന്നു. ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണവും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. വാഹനത്തിന്റെ അവസാന അക്കം ഒറ്റയാണെങ്കിൽ, ഒറ്റ അക്കത്തിന് അനുമതിയുള്ള ദിവസം ഓടിക്കാം. ഇരട്ട അക്കമാണെങ്കിൽ അതനുസരിച്ചും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെടണമെന്നും അടിയന്തര യോഗം വിളിക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയും ഓൺലൈൻ
വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സുപ്രീംകോടതിയും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. പരമാവധി ഓൺലൈൻ ഹിയറിംഗ് തന്നെ നടത്താൻ ജഡ്‌ജിമാർക്ക് നിർദ്ദേശം നൽകിയതായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. അഭിഭാഷകരും കക്ഷികളും കോടതിയിൽ നേരിട്ടുവരണമെന്ന് നിർബന്ധിക്കില്ല. ഇന്നലെ മുതൽ രാജ്യതലസ്ഥാനത്തെ എല്ലാ സ്‌കൂൾ ക്ലാസുകളും ഓൺലൈനിലേക്ക് മാറിയിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ അടക്കം പല സർവകലാശാലകളും ഓൺലൈൻ മോഡിലേക്ക് മാറി.
താറുമാറായി വിമാന-ട്രെയിൻ സർവീസ്
കനത്ത പുകമഞ്ഞ് ഇന്നലെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. 180 വിമാനങ്ങൾ വൈകി. ആറെണ്ണം റദ്ദാക്കി. ഡൽഹിയിലെ ട്രെയിൻ യാത്രക്കാരെയും വലച്ചു. 22 ട്രെയിനുകൾ വൈകിയോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |