SignIn
Kerala Kaumudi Online
Friday, 25 September 2026 4.20 AM IST

'ഒരാളുടെ പതനം തുടങ്ങുന്നത് ഇങ്ങനെ'; ഉദ്ദവ് താക്കറെയുടെ രാജിക്ക് പിന്നാലെ ട്വീറ്റുമായി രാജ് താക്കറെ

raj-thackerey

മുംബയ്: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ മന്ത്രിസഭയുടെ പതനത്തിന് പിന്നാലെ പ്രതികരണവുമായി മുൻ ശിവസേന നേതാവ് രാജ് താക്കറെ. ഒരാളുടെ ഭാഗ്യം അയാളുടെ വ്യക്തിപരമായ നേട്ടമായി ആരെങ്കിലും തെറ്റിദ്ധരിക്കുമ്പോൾ അയാളുടെ പതനത്തിലേക്കുള്ള യാത്ര അവിടെ ആരംഭിക്കുന്നെന്ന് രാജ് താക്കറെ ട്വിറ്ററിൽ കുറിച്ചു.

ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയുടെ സഹോദരന്റെ മകനാണ് രാജ് താക്കറെ. ബാൽ താക്കറെയുടെ മകനായ ഉദ്ദവ് താക്കറെയെക്കാളും ആക്രമണോത്സുകനായ നേതാവായിട്ടായിരുന്നു രാജ് താക്കറെ അറിയപ്പെട്ടിരുന്നത്. അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു രാജ് താക്കറെ. ബാൽ താക്കറെയുടെ മരണശേഷം രാജ് താക്കറെ ശിവസേനയുടെ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉദ്ദവ് താക്കറെയ്ക്കായിരുന്നു നറുക്ക് വീണത്.

അതിനു ശേഷം ശിവസേനയുമായി പിണങ്ങിയ രാജ് താക്കറെ മഹാരാഷ്ട്ര നവനിർമാൺ സേന (എം എൻ എസ്) എന്ന പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങി. ഉദ്ദവ് താക്കറെയെക്കാളും ബാൽ താക്കറെയുടെ നിലപാടുകൾ പിന്തുടരുന്നത് കൂടുതലും രാജ് താക്കറെയാണെന്ന് മഹാരാഷ്ട്രയിൽ ഒരു പൊതു അഭിപ്രായം ഉണ്ട്. വിമത നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡേയും ഏതാണ്ട് ഇതേ നിലപാടുകളാണ് പിന്തുടരുന്നത്.

ഉദ്ദവ് താക്കറെയ്ക്കെതിരെ വിമത നീക്കം പാർട്ടിക്കുള്ളിൽ തന്നെ നടക്കുമ്പോൾ രാജ് താക്കറെ പൂർ‌ണമായും നിശബ്ദനായിരുന്നു. ഒരു ശസ്ത്രക്രിയയ്ക്കു വേണ്ടി രാജ് താക്കറെയെ ആശുപത്രിയിൽ പ്രവേശിച്ചിരുന്ന സമയത്തായിരുന്നു ശിവസേനയിൽ വിമത നീക്കം ശക്തിപ്രാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാകണം ഒരുപക്ഷേ രാജ് താക്കറെ സംഭവവികാസങ്ങളെ കുറിച്ച് അധികമായി പ്രതികരിക്കാത്തത്. എന്നാൽ ഇന്ന് പ്രത്യക്ഷപ്പെട്ട രാജ് താക്കറെയുടെ ട്വീറ്റിൽ തനിക്ക് ഉദ്ദവ് താക്കറെയോടുള്ള വിരോധത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്നത് കൂടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAJ THACKEREY, MNS, SHIVSENA, UDDHAV THACKEREY, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360