
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. 'പ്രാണ പ്രതിഷ്ഠാ' ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കാണാതായ വെള്ളി കട്ടകളെക്കുറിച്ച് കഴിഞ്ഞ ആറുദിവസമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഇവ എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ ഒരു സൂചനപോലും എസ്ഐടിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
വെള്ളി കട്ടകളുടെ രസീതോ അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാജ്യത്തുടനീളമുള്ള സ്വർണ - വെള്ളി വ്യാപാരികളുടെ സംഭാവനകൾ സ്വീകരിച്ചുകൊണ്ട് ജ്വല്ലേഴ്സ് അസോസിയേഷൻ ആണ് ഈ 60 കിലോഗ്രാം വെള്ളി കട്ടകൾ നിർമ്മിച്ചത്. വെള്ളി കട്ടകൾ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്രിന് കെെമാറിയതിന്റെ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗം രസ്തോഗി പറഞ്ഞു.
എന്നാൽ ശിലാസ്ഥാപന ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും രസ്തോഗി കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി രാംശങ്കർ യാദവ്, കൃഷ്ണദേവ് തിവാരി എന്നിവരെയും ബന്ധപ്പെട്ട നാല് പൂജാരിമാരെയും എസ്ഐടി സംഘം ചോദ്യം ചെയ്തു. കാണാതായ വെള്ളി കട്ടകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും വഴിപാടുകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരി മൊഴി നൽകി. ലക്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി നീലരതൻ കുമാർ എന്നിവരടങ്ങുന്ന മൂന്നംഗ എസ്ഐടി സംഘമാണ് കേസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |