SignIn
Kerala Kaumudi Online
Friday, 10 July 2026 5.04 PM IST

മുൻ സ‌ർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് ഒന്നരക്കോടി രൂപയും 13 കിലോ സ്വർ‌ണവും, ചുമരുകളിൽ രഹസ്യ ലോക്കർ

-lalit-kumar-

മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ലളിത് കുമാർ, വിജിലൻസ് പിടിച്ചെടുത്ത പണവും സ്വർണവും

ലക്നൗ: ആഗ്രയിൽ സേവനമനുഷ്‌ടിച്ചിരുന്ന അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ലളിത് കുമാറിന്റെ വസതികളിൽ വിജിലൻസിന്റെ റെയ്‌ഡ്. കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രുപയുയുടെ സ്വർണവും പണവും പിടിച്ചെടുത്തു. 1.62 കോടി രൂപയും 13 കിലോ സ്വർണാഭരണങ്ങളുമാണ് വിജിലൻസ് സംഘം കണ്ടെടുത്തത്.

കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് വാങ്ങിയാണ് വിജിലൻസ് ഒരേസമയം വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ വീടിന്റെ ചുമരുകൾക്കുള്ളിൽ അതീവ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ കണ്ടെത്തിയത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ വിജിലൻസ് സംഘം വീടിന്റെ മുക്കും മൂലയും വിശദമായി പരിശോധിപ്പോഴാണ് ലോക്കറുകൾ കണ്ടെത്തിയത്.

കണ്ടെത്തിയ രഹസ്യ ലോക്കറുകളിൽ വൻതോതിൽ പണവും സ്വർണാഭരണങ്ങളും മറ്റ് പ്രധാനപ്പെട്ട രേഖകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. രഹസ്യ അറകളെക്കുറിച്ച് ലളിത് കുമാറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നും കുടുംബാംഗങ്ങൾക്ക് പോലും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പരിശോധനയ്ക്കിടെ ലളിതിന്റെ ഡിജിറ്റൽ ലോക്കർ കണ്ട് വിജിലൻസ് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടു. ലോക്കർ തുറക്കാനായി പാസ്‌വേഡ് ചോദിപ്പോൾ, ഓർമ്മയില്ലെന്ന് പറഞ്ഞ് ലളിത് അന്വേഷണം വൈകിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ രണ്ടു മണിക്കൂറോളം പരിശോധന തടസപ്പെട്ടു. ഒടുവിൽ സാങ്കേതിക വിദഗ്ദ്ധരെ വരുത്തിച്ചാണ് വിജിലൻസ് ലോക്കർ തകർത്തത്.

ലോക്കറുകളിൽ നിന്നും വീടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് 1.62 കോടി രൂപ കണ്ടെടുത്തത്. കൂടാതെ, വിപണിയിൽ കോടികൾ വിലമതിക്കുന്ന 13 കിലോ സ്വർണം, വെള്ളി ആഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ എന്നിവയും പിടിച്ചെടുത്തു. സ്വർണത്തിന്റെ യഥാർത്ഥ മൂല്യം കണക്കാക്കാൻ വിജിലൻസ് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്.

പണത്തിനും സ്വർണത്തിനും പുറമെ കോടികളുടെ നിക്ഷേപ രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ലക്നൗ, ആഗ്ര, നോയിഡ തുടങ്ങിയ നഗരങ്ങളിൽ ലളിത് കുമാറും കുടുംബവും കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആഡംബര വീടുകളും വാങ്ങിക്കൂട്ടിയതായി രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ബിനാമി സ്വത്തുക്കൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിച്ചുവരികയാണ്.


പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറൻസിക്, പരിശോധനകൾ പൂർത്തിയായ ശേഷം ലളിത് കുമാറിനെതിരെ 'അഴിമതി നിരോധന നിയമപ്രകാരം' എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE RAID, LALIT KUMAR, GOLD, CASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360