SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.58 AM IST

മുസ്ലീം ലീഗ് വനിത നേതാവിനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത; ലേറ്റസ്റ്റ് എഡിറ്ററുടെ ശിക്ഷ ശരിവച്ച് സുപ്രീംകോടതി

supreme-court

ന്യൂഡൽഹി: കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്‌സണെതിരെ വ്യാജവാർത്ത നൽകിയ കേസിൽ 'ലേറ്റസ്റ്റ്' സായാഹ്ന പത്രത്തിന്റെ മനേജിംഗ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന് ഹൈക്കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവച്ചു. 2013ൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത നൽകിയെന്ന കേസിൽ ഹോസ്‌ദുർഗ് കോടതിയാണ് അരവിന്ദനെതിരെ ശിക്ഷ വിധിച്ചത്. തടവും പിഴയുമാണ് ശിക്ഷ. 2019ൽ പുറത്തുവന്ന വിധിക്കെതിരെ അരവിന്ദൻ സമർപ്പിച്ച അപ്പീൽ കാസർകോട് അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു.

ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അരവിന്ദൻ സമർപ്പിച്ച അപ്പീലിൽ പിഴത്തുക കെട്ടിവയ്‌ക്കാൻ കോടതി നിർദേശം നൽകിയിരുന്നു. രണ്ട് പ്രാവശ്യവും ഈ നിർദേശം പാലിക്കാൻ അരവിന്ദൻ തയ്യാറാകാത്തതിനാൽ അപ്പീൽ ഹർജി തള്ളുകയായാരുന്നു. ജസ്റ്റിസ് സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ചാണ് ലേറ്റസ്റ്റ് എഡിറ്ററുടെ അപ്പീൽ ഹർജി തള്ളിയത്. നിലവിലെ ശിക്ഷയ്‌ക്ക് ശേഷവും ഹസീനയ്‌ക്കെതിരെ അശ്ലീലച്ചുവയുള്ള വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സമാനസ്വഭാവത്തിലുള്ള ആറിലധികം കേസുകൾ അരവിന്ദനെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. പരാതിക്കാരി ഹസീന താജുദീനുവേണ്ടി അഡ്വ കെ ആർ സുഭാഷ് ചന്ദ്രനും അനിരുദ്ധ് കെ പിയും സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ ഹർഷദ് വി ഹമീദും ദിലീപ് പൂളക്കോട്ടും ഹർജിക്കാരൻ അരവിന്ദനുവേണ്ടി അഡ്വ ശ്രീറാം പാറക്കോട്ടും സുപ്രീംകോടതി മുമ്പാകെ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VERDICT, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360