SignIn
Kerala Kaumudi Online
Sunday, 07 June 2026 2.47 PM IST

സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസം നിർബന്ധം; ഉത്തരവിറക്കി തമിഴ്‌നാട് സർക്കാർ

students

ചെന്നൈ: ഈ അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആറു മുതൽ 12-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് കായിക ക്ലാസുകൾ നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ. പുതിയ നയം നടപ്പിലാക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ നിരവധി സ്വകാര്യ സ്കൂളുകൾ ശാരീരിക വിദ്യാഭ്യാസ ക്ലാസുകൾ നടത്തുന്നതിൽ പരാജയപ്പെട്ടെന്ന തരത്തിൽ റിപ്പോർട്ടുകളും പരാതികളും ലഭിച്ചതിനെതുടർന്നാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കായിക വിദ്യാഭ്യാസത്തിനായി നീക്കിവച്ച പിരീഡുകളിൽ അദ്ധ്യാപകർ മറ്റ് വിഷയങ്ങൾ പഠിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പിൽ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കായിക വിദ്യാഭ്യാസ ഇൻസ്‌പെക്‌ടർമാർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. സ്‌കൂളുകളിൽ നിരീക്ഷണം നടത്തി കളിസ്ഥലങ്ങൾ ഫലപ്രദമായി ഉപയോഗിക്കാത്തതും ആവശ്യത്തിന് കായിക സൗകര്യങ്ങൾ ഒരുക്കാത്തതുമായ സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് വിദ്യാഭ്യാസ ഇൻസ്‌പെക്‌ടർമാർക്ക് നൽകിയിരിക്കുന്ന നി‌‌ർദേശം.

സ്‌കൂൾ സമയത്തിനപ്പുറം കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സർക്കാർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. കായിക പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനവും പരിശീലന സെഷനുകളും നൽകാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ യുവ കായിക പ്രതിഭകളെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും വളർത്തിയെടുക്കാനും സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ, സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നടക്കുന്ന കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളുകളെ പ്രത്യേകം ലിസ്റ്റ് ചെയ്യാൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ സ്‌കൂളുകളിലുടനീളം സ്‌പോർട്‌സ് സംസ്‌കാരം ശക്തിപ്പെടുത്തുന്നതിനായി അത്തരം സ്ഥാപനങ്ങൾ പിന്തുടരുന്ന മികച്ച രീതികൾ പഠിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, EDUCATION, PHYSICAL EDUCATION, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360