SignIn
Kerala Kaumudi Online
Tuesday, 04 August 2026 8.52 PM IST

പ്രതിരോധ കുത്തിവയ്പ്പിനിടെ രണ്ടരവയസുകാരന്റെ ശരീരത്തിൽ സൂചി ഒടിഞ്ഞുകയറി: ആശുപത്രി അധികൃതർ അംഗീകരിച്ചില്ലെന്ന് ആരോപണം ​

READ ENGLISH VERSION
hospital-negligence
എക്സ്‌റേയിൽ കാണുന്ന സൂചിയുടെ ചിത്രം


മുംബയ്: നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തിയ രണ്ടരവയസുകാരന്റെ ശരീരത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനിടെ സൂചി ഒടിഞ്ഞ് കുടുങ്ങി. മുംബൈയ്‌ലെ രുഗ്മിണിഭായ് ആശുപത്രിയിലാണ് സംഭവം. സൂചി ഒടിഞ്ഞ കാര്യം ആശുപത്രി അധികൃതർ ആദ്യം അംഗീകരിക്കാൻ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മണിക്കൂറുകളോളം വേദന അനുഭവിച്ച കുട്ടിക്ക് പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് സൂചി പുറത്തെടുത്തത്. മുംബയ് സ്വദേശികളായ സൂര്യഭാൻ-കാജൽ ദമ്പതികളുടെ രണ്ടര വയസുള്ള മകൻ കവേശിനാണ് ദുരനുഭവം ഉണ്ടായത്.

കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ സ്വന്തം വളർത്തുനായ കടിച്ചതിനെത്തുടർന്നാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആന്റിറാബിസ് വാക്‌സിൻ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും, രണ്ടെണ്ണം കൈയിലും ഒരെണ്ണം തുടയിലുമായി മൂന്ന് കുത്തിവയ്പ്പുകൾ നഴ്സ് എടുക്കുകയായിരുന്നു. നാലാമത്തെ കുത്തിവയ്പ്പിനായി ഇടുപ്പിന് സമീപമുള്ള ഭാഗം അടയാളപ്പെടുത്തുകയും ചെയ്തു.

'ഏകദേശം അരമണിക്കൂറിന് ശേഷം മറ്റൊരു ഡോക്ടർ വന്ന് എന്നെ വിളിച്ചു. ഞാൻ കുട്ടിയുടെ കാലുകൾ പിടിച്ചുനിൽക്കുമ്പോൾ അവർ കുത്തിവയ്പ്പ് എടുത്തു. വളരെ അശ്രദ്ധമായാണ് അവർ അത് ചെയ്തത്, പെട്ടെന്ന് സൂചി ഒടിയുകയും കുട്ടിയുടെ ശരീരത്തിൽ കുടുങ്ങുകയും ചെയ്തു. നിങ്ങളുടെ കുട്ടി അനങ്ങിയതുകൊണ്ടാണ് സൂചി ഒടിഞ്ഞതെന്ന് അവർ പിന്നീട് പറഞ്ഞത്. എക്സ്‌റേ പരിശോധിച്ചാൽ സൂചി ശരീരത്തിനകത്ത് വളഞ്ഞുനിൽക്കുന്നത് കാണാം,' -അമ്മ കാജൽ പറഞ്ഞു. സൂചി ഒടിഞ്ഞുകയറിയ വിവരം അമ്മ ഉടൻ തന്നെ ഡോക്ടറെ അറിയിച്ചെങ്കിലും, ഒടിഞ്ഞ ഭാഗം തറയിൽ വീണിട്ടുണ്ടാകുമെന്ന വിചിത്ര വാദമാണ് ഡോക്ടർമാർ ഉന്നയിച്ചത്.

ഇതിനുശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ആ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടു. വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. പിന്നീട് മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ എക്സ്‌റേ പരിശോധനയിലാണ് സൂചി ശരീരത്തിൽ തന്നെയുണ്ടെന്ന് വ്യക്തമായത്. പെട്ടെന്ന് തന്നെ ചെറിയൊരു ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ സൂചി പുറത്തെടുത്തു.

തന്റെ കുട്ടിക്ക് നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും, ഡോക്ടറുടെ അശ്രദ്ധമൂലം സ്വകാര്യ ആശുപത്രിയിൽ ചെലവായ തുക നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ട് കാജൽ ചൊവ്വാഴ്ച വീണ്ടും രുഗ്മിണിഭായ് ആശുപത്രിയിലെത്തി. സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി ശിവസേന നേതാവ് രംഗത്തെത്തി. 'സൂചി ശരീരത്തിനുള്ളിലാണെന്ന് തിരിച്ചറിയാൻ പോലും ഇവിടുത്തെ ഡോക്ടർമാർക്കായില്ല. വലിയ തോതിലുള്ള അശ്രദ്ധയും കെടുകാര്യസ്ഥതയുമാണ് കാണിക്കുന്നത്. ഒരു ഇന്റേൺ ഡോക്ടറാണ് കുത്തിവയ്പ്പ് എടുത്തതെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണം,' അദ്ദേഹം വ്യക്തമാക്കി.

English Summary

A 2.5-year-old boy named Kavesh, who was taken to Rukilabai Hospital in Mumbai for anti-rabies vaccination after being bitten by his pet dog, suffered a major medical mishap when a syringe needle broke and got stuck in his body during the procedure.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSPITAL NEGLIGENCE, LATESTNEWS, NATIONALNEWS, MUMBAI HOSPITAL, NEEDLE IN BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360