കോപ്പൻഹേഗ്: ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നത് കൊക്കോയുടെ സമ്പന്നമായ രുചിയും മണവുമാണ്. എന്നാൽ, കൊക്കോ ചേർക്കാതെതന്നെ ചോക്ലേറ്റിന് സമാനമായ രുചിയിൽ ഡെസേർട്ടുകൾ കഴിച്ചാലോ? കോപ്പൻ ഹേഗിലെ സ്‌പോറ എന്ന ഫുഡ് ഇന്നോവേഷൻ ലാബിലാണ് അതിനായുള്ള പരീക്ഷണങ്ങൾനടക്കുന്നത്. ഭക്ഷണാവശിഷ്‌ടങ്ങളിൽനിന്നാണ് ഇവ തയ്യാറാക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.അടുത്തിടെ ഇവിടം സന്ദർശിച്ച കണ്ടന്റ് ക്രിയേറ്റർമാരായ ആൻഡേഴ്‌സ് ഹൂസയും കൈറ്റ്‌ലിൻ ഓറുമാണ് ലാബിലെ വിചിത്രവും കൗതുകകരവുമായ ഭക്ഷണപരീക്ഷണങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
ശാസ്‌ത്രജ്ഞരുടെയും പാചകവിദഗ്‌ദ്ധരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ഭക്ഷണത്തിന്റെ ഭാവിയെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തുന്ന ഇടമാണ് സ്‌പോറ. മാംസത്തിന് പകരമുള്ള പ്രോട്ടീൻ സ്രോതസുകൾ കണ്ടെത്തുന്നതുമുതൽ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങളെ പുതിയ രൂപത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നതുവരെയുള്ള നിരവധി ആശയങ്ങളാണ് ഇവിടെ പരീക്ഷിക്കുന്നത്.
ലോകത്തിൽ ഭക്ഷ്യവ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തുകയെന്നതാണ് ലാബിന്റെ ലക്ഷ്യം. സാധാരണ ഭക്ഷണങ്ങളെ വ്യത്യസ്‌തവും കൂടുതൽ സുസ്ഥിരവുമായ ചേരുവകൾ ഉപയോഗിച്ച് പുനഃർസൃഷ്‌ടിക്കാനാകുമോയെന്നും ഇവിടെ പരിശോധിക്കുന്നു.
ബിയർ നിർമ്മാണത്തിന് ശേഷം അവശേഷിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് ചോക്ലേറ്റിന് ബദലായി നിർമ്മിച്ച 'സ്‌നാപ്' മിഠായിയാണ് ലാബിലെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം. സ്‌നാപിന് ഡാർക്ക്, മിൽക്ക്, ഗോൾഡ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട്. പയർവർഗത്തിൽനിന്നുള്ള ഈ ഉൽപ്പന്നത്തിന് നട്‌സിന്റെയും കാരമലിന്റെയും രുചിയാണ്.
ലാബിലെ ഏറ്റവും കൗതുകകരമായ പരീക്ഷണങ്ങളിലൊന്നാണ് ആന്റ് ഹിൽ എന്ന കോക്‌ടെയിൽ. ഉറുമ്പുകളെ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണമെന്ന ആശയത്തെതന്നെ പുതിയ രീതിയിൽ കാണാനുള്ള ശ്രമമാണ് ഈ പരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.
A Copenhagen lab is creating cocoa-free chocolate and unusual foods from food waste, exploring sustainable alternatives for the future of food.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |