
ബീജിംഗ്: കിഴക്കൻ ചൈനയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 309 പെരുമ്പാമ്പുകളെ പിടികൂടി പൊലിസ്. ഫ്ലാറ്റിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ഗുവോയെന്ന യുവാവാണ് പെരുമ്പാമ്പുകളെ അനധികൃതമായി വളർത്തി വിൽപന നടത്തിയിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ അടച്ച നിലയിലാണ് പെരുമ്പാമ്പുകളെ പിടികൂടിയത്.
മലയുടെ അടിവാരത്ത് അപൂർവ്വ ഇനം പെരുമ്പാമ്പിനെ ഒരു വയോധികൻ കണ്ടതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടാത്തതും ചൈനയിൽ സംരക്ഷിത വിഭാഗത്തിൽപ്പെടുന്നതുമായ പെരുമ്പാമ്പായതിനാൽ സമീപത്ത് അനധികൃതമായി ആരോ പെരുമ്പാമ്പിനെ വളർത്തുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കൂടാതെ യുവാവ് താമസിച്ചിരുന്ന ഫ്ലാറ്റിലെ ഉയർന്ന വൈദ്യുതി ബില്ലും ഇയാളിലേക്ക് അന്വേഷണം നീളാൻ കാരണമായി.
പെരുമ്പാമ്പുകൾക്ക് 20 മുതൽ 30 ഡിഗ്രി സെൽഷ്യസ്‌വരെ താപനിലയും ഉയർന്ന ഈർപ്പവും ആവശ്യമായതിനാൽ അവയെ വളർത്തുന്ന സ്ഥലത്ത് വൈദ്യുതി ഉപഭോഗം കൂടുതലായിരിക്കുമെന്ന് വിദഗ്‌ദ്ധർ പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ വൈദ്യുതി ബില്ലുകൾ പൊലീസ് പരിശോധിക്കാൻ തുടങ്ങിയത്.
അവിവാഹിതനും തൊഴിൽ രഹിതനുമായ ഗുവോ സ്വന്തം ഫ്ലാറ്റിലെ ഒരു മുറി മാത്രമാണ് തന്റെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. ബാക്കിയുള്ള രണ്ട് കിടപ്പുമുറികളും സ്വീകരണമുറിയും പൂർണമായും പെരുമ്പാമ്പുകളെ വളർത്തുന്നതിനായി മാറ്റിവച്ചിരുന്നു. 2014ൽ നാല് പെരുമ്പാമ്പുകളെ വാങ്ങിയാണ് ഗുവോയും കൂട്ടാളിയും ഈ സംരംഭം ആരംഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് നൂറുകണക്കിന് പെരുമ്പാമ്പുകളെ വാങ്ങി ഓൺലൈൻ വഴി വിൽപന നടത്തുകയായിരുന്നു.
വ്യത്യസ്‌ത നിറങ്ങളിലുള്ള പെരുമ്പാമ്പുകളെ സൃഷ്‌ടിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നുവെന്നും തനിക്ക് പാമ്പുകളെ പേടിയില്ലെന്നും ഗുവോ പൊലീസിനോട് പറഞ്ഞു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിൽ ആകെ 436 പെരുമ്പാമ്പുകളെയാണ് പിടിച്ചെടുത്തത്. ഇവയ്‌ക്ക് ഏകദേശം 40 കോടി (മൂന്ന് കോടി യുവാൻ) വിലവരുമെന്നാണ് വിലയിരുത്തൽ. കേസിൽ ഗുവോയ്‌ക്കും കൂട്ടാളിക്കും കോടതി ജയിൽ ശിക്ഷ വിധിച്ചു. പിടികൂടിയ പാമ്പുകളെ സമീപത്തെ മൃഗശാലയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |