
മീററ്റ്: ഡിജിറ്റൽ പെയ്‌മെന്റുകളുടെ കാലത്ത് ചെറിയൊരു അശ്രദ്ധ പോലും വലിയ നഷ്‌ടങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലൊരു അശ്രദ്ധമായ നിമിഷത്തിൽ തനിക്ക് നഷ്‌ടപ്പെട്ട പണം തിരികെ കിട്ടിയ സംഭവം വിവരിക്കുന്ന ഗുണെ എന്ന യുവാവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടക്കുന്നത്. ബംഗളുരുവിലെ ഹിംഗ്ലിഷ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമാണ് യുവാവ് ലിങ്ക്ഡിനിലാണ് പോസ്റ്റ് പങ്കുവച്ചത്. ഒരു ദിവസത്തേക്ക് നഗരത്തിലെത്തിയ ക്ലയന്റുമായി വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ഗുണെ. ഓട്ടോറിക്ഷയിലാണ് ഗുണെ മീറ്റിംഗ് സ്ഥലത്തെത്തിയത്. 156 രൂപയായിരുന്നു ഓട്ടോക്കൂലി. എന്നാൽ മീറ്റിംഗിന്റെ തിരക്കിനിടയിൽ 156 രൂപയ്‌ക്ക് പകരം 15,682 രൂപയാണ് നൽകിയത്. എത്ര രൂപയാണ് നൽകിയതെന്ന് ഒരിക്കൽകൂടി പരിശോധിക്കാൻ പോലും യുവാവ് മെനക്കിട്ടില്ല.
രാവിലെ ഏഴ് മണിക്കാണ് ക്ലയന്റുമായി മീറ്റിംഗ് നിശ്ചയിച്ചിരുന്നത്. സമയം വൈകിയതിനാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. വലിയ നിരാശയിൽ പുറത്തേക്കിറങ്ങി വരുമ്പോഴാണ് ഓട്ടോ ഡ്രൈവറായ അൽത്താഫ് തന്നെ കാത്തുനിൽക്കുന്നത് യുവാവ് ശ്രദ്ധിച്ചത്. അപ്പോഴും തനിക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് യുവാവ് പറയുന്നു.
യുവാവിന്റെ അരികിലേക്ക് വന്ന അൽത്താഫ് നടന്ന കാര്യം ഗുണെയോട് പറഞ്ഞ ശേഷം അദ്ദേഹം അയച്ച പണം മുഴുവൻ തിരികെ അയച്ചുനൽകി. തന്റെ ഓട്ടോക്കൂലിയോ വെയിറ്റിംഗ് ചാർജോ പോലും വാങ്ങാൻ അൽത്താഫ് തയ്യാറായില്ലെന്നും ഗുണെ പറയുന്നു. ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന് ഓർത്ത് താൻ അമ്പരന്നെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, രണ്ടാഴ്‌ചയ്‌ക്ക് ശേഷം അന്നത്തെ ക്ലയന്റുമായി മീറ്റിംഗ് നടക്കുകയും അത് വിജയിക്കുകയും ചെയ്‌തു. ആ നിമിഷത്തിൽ തനിക്ക് ആദ്യം ഓർമ്മ വന്നത് അൽത്താഫിന്റെ മുഖമാണെന്ന് ഗുണെ പറയുന്നത്. തന്റെ ഏറ്റവും മോശം പ്രഭാതം കണ്ട മനുഷ്യനാണ് അൽത്താഫെന്നും അന്ന് ഓട്ടോക്കൂലിയുൾപ്പടെ ചെറിയൊരു തുക അദ്ദേഹത്തിന് അയച്ചുകൊടുത്തെന്നും ഗുണെ പറയുന്നു.
പണം തിരികെ ലഭിച്ചതിനെക്കാൾ ഉപരിയായി അൽത്താഫിന്റെ സത്യസന്ധതയാണ് തന്റെ മനസ് നിറച്ചതെന്ന് ഗുണെ അഭിപ്രായപ്പെട്ടു. മിക്കവരും തനിക്ക് പണം തിരികെ ലഭിച്ചതിനെ ഭാഗ്യമെന്ന് കരുതി ജീവിക്കണമെന്ന് പറഞ്ഞു. എന്നാൽ ഭാഗ്യത്തിനും സത്യസന്ധതയ്ക്കും ഇടയിലുള്ള വ്യത്യാസം പലർക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |