ഹൈദരാബാദ്: കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിയുടെ സമ്മർദ്ദം താങ്ങാനാകാതെ രാജിവച്ച് ഇറങ്ങുന്നവരുടെ ഒരുപാട് കഥകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പലരും കഠിനമായ ജോലിയും ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുന്നതോടെയാണ് ലക്ഷങ്ങൾ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നത്. ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങിയവരും നിരവധിയാണ്. ഇപ്പോഴിതാ അത്തരത്തിൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഊബർ ടാക്സി ഓടിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹൈദരബാദിൽ ഓൺലൈൻ ടാക്സി ഓടിക്കുന്ന യുവാവിന്റെ കഥ ഒരു യാത്രക്കാരിയാണ് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യാത്രയ്ക്കിടെ നടന്ന സംഭാഷണത്തിലാണ് യുവാവിന്റെ തൊഴിൽജീവിതത്തിലെ വലിയ മാറ്റത്തെക്കുറിച്ച് യുവതി മനസിലാക്കുന്നത്. ആമസോണിലെ ജോലി ഉപേക്ഷിച്ച് തനിക്ക് ഏറെ താൽപ്പര്യമുള്ള മേഖലയിലേക്ക് തിരിയാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി വീഡിയോയിൽ പറയുന്നു.
ഡെസ്‌കിലിരുന്ന് ജോലി ചെയ്യുന്ന രീതി തനിക്ക് ഇനി വേണ്ടെന്ന് തീരുമാനിച്ചാണ് ജോലി ഉപേക്ഷിച്ചതെന്ന് യുവാവ് പറയുന്നു. വാഹനം ഓടിക്കുന്നത് എന്റെ വലിയൊരു ഇഷ്ടമാണ്. ഒട്ടേറെ ആളുകളുമായി ആശയവിനിമയം നടത്താനും എനിക്കിഷ്ടമാണ്. അതാണ് എനിക്ക് ഏറ്റവും പ്രധാനം. അതുകൊണ്ടാണ് ആമസോണിലെ ജോലി വേണ്ടെന്ന് വച്ചതെന്ന് യുവാവ് വ്യക്തമാക്കി.
'എനിക്ക് എന്റെ ഹൈദരാബാദ് പര്യവേക്ഷണം ചെയ്യണം. അതാണ് ഏറ്റവും പ്രധാനം, കാരണം ഞാൻ ഹൈദരാബാദിൽ നിന്നുള്ള ആളാണ്. വ്യത്യസ്ത യാത്രക്കാരെ കണ്ടുമുട്ടുന്നത് വ്യത്യസ്ത ജീവിതങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. അത് എനിക്ക് സംതൃപ്തി നൽകി. 2014ൽ ഹൈദരാബാദിൽ ഊബർ പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ ഞാൻ ജോലിക്ക് ഇറങ്ങി. ഇത്രയും കാലത്തിനിടെ 23,600ലധികം ട്രിപ്പുകൾ പൂർത്തിയാക്കി. ഇപ്പോഴും ഞാൻ ഓൺലൈനിലാണ്. രാവിലെ മുതൽ വൈകിട്ട് വരെ ഞാൻ യാത്രകൾ ആസ്വദിക്കുന്നു. വാഹനം ഓടിക്കുന്നത് നിർബന്ധത്താൽ ചെയ്യേണ്ട ഒന്നായിരുന്നില്ല. മറിച്ച് ഓരോ ദിവസവും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്ന ഒന്നാണ്'- അദ്ദേഹം പറഞ്ഞു.
ഓഫീസ് ജോലി ഉപേക്ഷിച്ച് പുതിയൊരു വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇദ്ദേഹം ഒരു മാതൃകയാവുമെന്ന് യാത്രക്കാരി പറഞ്ഞു. ജോലി ഉപേക്ഷിക്കുന്നതിന് ധൈര്യം തോന്നാത്തവർക്ക് താങ്കളെ കണ്ടുപഠിക്കണം. അതുകൊണ്ട് താങ്കൾ കണ്ടന്റ് ക്രിയേഷനിലേക്ക് കടക്കണമെന്നും യാത്രക്കാരി നിർദ്ദേശിച്ചു. കോർപ്പറേറ്റ് കറണ്ട് എന്ന ഇൻസ്റ്റഗ്രാമിൽ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തുന്നത്. ചിലപ്പോൾ ഏറ്റവും മികച്ച മാർഗം തിരഞ്ഞെടുക്കുന്നതിനേക്കാൾ നല്ലത് പുതിയ അവസരങ്ങൾ പരീക്ഷിച്ചുനോക്കുന്നതാണെന്ന് ഒരാൾ കമന്റായി കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |