ബംഗളൂരു: നാല്പത് വർഷം പഴക്കമുള്ള ഒരുമരം വീണപ്പോൾ 85കാരനായ വയോധികന് ലഭിച്ചത് ലക്ഷങ്ങളുടെ സൗഭാഗ്യം. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ എൻ.ജി കേസരിയാണ് ആ ഭാഗ്യവാൻ.
സംഭവം ഇങ്ങനെയാണ്, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഒരു വിത്ത് കേസരിയുടെ വീട്ടുമുറ്റത്ത് മുളച്ചു. മറ്റെല്ലാ ചെടികളെയും പോലെ കേസരി അതിനെയും നന്നായി പരിപാലിച്ചു. വളർന്നുവലുതായപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞത് അത് ചന്ദനമായിരുന്നുവെന്ന്. വർഷങ്ങൾ കടന്നുപോയി. മരം കൂടുതൽ തഴച്ചുവളർന്നു.
എന്നാൽ ഇക്കഴിഞ്ഞ ജൂണിൽ പെയ്ത കനത്ത മഴയിലും കാറ്റിലും സമീപത്തുണ്ടായിരുന്ന വലിയൊരു മരം കടപുഴകി വീണ് ചന്ദനമരത്തിന്റെ മുകളിലേയ്ക്ക് പതിച്ചു. ഇതോടെ കാത്തുസൂക്ഷിച്ച ചന്ദനമരം ഒടിഞ്ഞുവീണു. തുടക്കത്തിൽ ഇതൊരു വലിയ നഷ്ടമായി അദ്ദേഹം കരുതിയെങ്കിലും പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് ലക്ഷങ്ങളാണ്.
കേസരി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് പരിശോധന നടത്തിയ ശേഷം മരം മൈസൂരിലെ സർക്കാർ ചന്ദന ഡിപ്പോയിലേക്ക് മാറ്റാൻ അനുമതി നൽകി. പരിശോധനയിലാണ് മരത്തിന്റെ തൂക്കം ഏകദേശം ഒരു മെട്രിക് ടൺ ആണെന്ന് കണ്ടെത്തിയത്. ഇതോടെ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചന്ദനമരം വാങ്ങി. മാത്രമല്ല ചന്ദനമരത്തിന്റെ തൂക്കത്തിന് അനുസരിച്ച് ഏകദേശം 28 ലക്ഷം രൂപ കേസരിയ്ക്ക് അധികൃതർ കൈമാറുകയും ചെയ്തു. ഇതോടെ പ്രതീക്ഷിക്കാതെ ലക്ഷപ്രഭുവായി കേസരി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |