
മോസ്‌കോ: കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നതിനെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു ചുഴലിക്കാറ്റ് പോലെ ലക്ഷക്കണക്കിന് കൊതുകുകൾ നേർക്കുനേർ വരുന്നതിനെപ്പറ്റി സങ്കൽപ്പിക്കാനാകുമോ? എന്നാൽ അത്തരത്തിലൊരു അപൂർവ്വ സംഭവമാണ് റഷ്യയിലെ ബുറിയേഷ്യ മേഖലയിൽ നടന്നത്. പ്രശസ്‌തമായ ഷുച്ചി തടാകക്കരയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കൊതുകുകൾ പാഞ്ഞടുത്തത്.
അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി തടാകക്കരയിലെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനെത്തിയതായിരുന്നു വിനോദസഞ്ചാരികൾ. അപ്രതീക്ഷിതമായി അവിടമാകെ ലക്ഷക്കണക്കിന് കൊതുകുകൾ ഇരച്ചെത്തുകയായിരുന്നു. കാർമേഘത്താൽ അന്തരീക്ഷം ഇരുളുന്നതുപോലെ നിമിഷങ്ങൾക്കകം കൊതുകുകളുടെ കൂട്ടത്താൽ പ്രദേശമാകെ മൂടി. ഒരുനിമിഷം പോലും അവിടെ നിൽക്കാനാകാത്തവിധം പ്രാണികൾ ആക്രമിക്കാൻ തുടങ്ങിയതോടെ സഞ്ചാരികൾ പ്രാണരക്ഷാർത്ഥം അതിവേഗം അവരവരുടെ വാഹനങ്ങളിൽ അഭയം തേടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വർഷം കൊതുകുശല്യം രൂക്ഷമാണെങ്കിലും ഇത്രയും ഭയാനകമായി കാഴ്‌ച ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. ഹൊറർ സിനിമയെ അനുസ്‌മരിക്കുന്നതാണ് കാഴ്‌ചയെന്നും പലരും അഭിപ്രായപ്പെട്ടു. റഷ്യയിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരത്തിലൊരു പ്രതിഭാസത്തിന് കാരണമെന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും തടാകത്തിന് ചുറ്റുമുള്ള ഈർപ്പമുള്ള അന്തരീക്ഷവുമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം പ്രാണികൾ പെരുകാൻ കാരണമായതെന്നാണ് വിദഗ്‌ദ്ധർ നൽകുന്ന വിശദീകരണം. റഷ്യയിലെ ആസ്‌ട്രാഖാൻ പോലുള്ള മറ്റ് ചില പ്രദേശങ്ങളിലും സമാന രീതിയിൽ കൂട്ടമായി എത്തുന്ന കൊതുകുകൾ ജനജീവിതത്തെ ബാധിക്കുന്നുണ്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |