SignIn
Kerala Kaumudi Online
Tuesday, 30 June 2026 9.01 PM IST

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവനിൽ നിന്ന് ദുരന്തഭൂമിയിലെ രക്ഷകനിലേയ്ക്ക്: വെനസ്വേലയുടെ ഹൃദയം കവർന്ന് 'സുനാമി' എന്ന അത്ഭുത നായ

tsunami
സുനാമി ,​ Photo Credit: X

കാരക്കാസ്: വെനസ്വേലയിൽ നാശം വിതച്ച ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ നിന്നും നിരവധി മനുഷ്യജീവനുകളെ രക്ഷപ്പെടുത്തിയ സുനാമി എന്ന നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കെ-സാർ ഇസിഐഡി എന്ന രക്ഷാപ്രവർത്തന യൂണിറ്റിന്റെ ഭാഗമായ ഈ മിടുക്കൻ നായ ദുരന്തമുഖത്ത് രക്ഷാപ്രവർത്തക‌ർക്ക് വഴികാട്ടിയായി മാറുന്ന കാഴ്ച്ചയാണ് ലോകം കണ്ടത്.

ക്രൂര പീഡനങ്ങളിൽ നിന്നും നായകനിലേയ്ക്കുള്ള സുനാമിയുടെ യാത്ര

വെനസ്വേലയിലെ കാരക്കാസിലെ തെരുവുകളിൽ പട്ടിണികിടന്നും ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചും അലഞ്ഞുതിരിഞ്ഞു നടന്ന നായക്കുട്ടിയായിരുന്നു സുനാമി. പിന്നീട് അനിത വിദാൽ എന്ന യുവതി അവനെ രക്ഷിച്ചതോടെയാണ് അവന്റെ ജീവിതം മാറിമറിഞ്ഞത്.

ഈ നായക്കുട്ടിയുടെ ബുദ്ധിശക്തിയും വേഗതയും തിരിച്ചറിഞ്ഞ ജോർജ് ബീൻസ് എന്ന പരീശീലകൻ അവനെ ദുരന്തനിവാരണ സേനയുടെ പരിശീലനകേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി. വ‌ർഷങ്ങൾ നീണ്ട കഠിനമായ പരിശീലനങ്ങൾക്കൊടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സുനാമി പ്രത്യേക വൈദഗ്ധ്യം നേടി. 2023ൽ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പങ്ങൾക്കും വെനസ്വേലയിലുണ്ടായ പ്രളയങ്ങൾക്കും ശേഷം നടന്ന രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു സുനാമി.

വെനസ്വേലൻ ഭൂകമ്പത്തിൽ തന്റെ പരിശീലകൻ ജോർജിനൊപ്പം ചേർന്ന് നിരവധി മനുഷ്യജീവനുകളെ സുനാമി രക്ഷിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. എട്ടുനില കെട്ടിടം തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ ആറു മണിക്കൂറിലധികം കുടുങ്ങിക്കിടന്ന 60 വയസുകാരനെ കൃത്യമായ സ്ഥലം കാണിച്ച് സുനാമി രക്ഷിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തുടർച്ചയായ കഠിനാധ്വാനം മൂലം കടുത്ത ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച നായ നിലവിൽ വൈദ്യപരിചരണത്തിലാണ്.

അതേസമയം, വെനസ്വേലയിലെ ഈ ദൗത്യത്തിന് ശേഷം സുനാമി തന്റെ ഔദ്യോഗിക സുരക്ഷ പ്രവർത്തനത്തിൽ നിന്നും വിരമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അവസാന ദൗത്യവും പൂർത്തിയാക്കി ഒരു ജനതയുടെ ഹീറോയായിട്ടാണ് ഈ മിടുക്കൻ വിരമിക്കൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TSUNAMI BORDER COLLIE, VENEZULE EARTHQUAKE, RESCUE DOG, VIRALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360