
ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ വിവാദം. ടീം മാനേജ്മെന്റിന്റെ നിയന്ത്രണങ്ങൾ ലംഘിച്ച് നിശാക്ലബ്ബ് പാർട്ടിയിൽ അടിപിടി ഉണ്ടാക്കിയതിനെ തുടർന്ന് ക്യാപ്ടൻ ബെൻ സ്റ്റോക്സിനെയും ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസനെയും ടീമിൽ നിന്നും മാറ്റിനിർത്തിയേക്കും. ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ഞായറാഴ്ച രാത്രി ലണ്ടനിലെ പബ്ബിൽ തുടങ്ങിയ ആഘോഷമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതേതുടർന്ന് ഓവലിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ നയിക്കുക.

പബ്ബിലെ ആഘോഷത്തിന് ശേഷം റൂട്ട് അർദ്ധരാത്രി 12 മണിക്ക് മുൻപ് തന്നെ ടീം ഹോട്ടലിൽ തിരിച്ചെത്തിയിരുന്നു. 2013ൽ ഡേവിഡ് വാർണറുമായി ബാറിൽ വച്ചുണ്ടായ തർക്കത്തിന് ശേഷം ജോ റൂട്ട് ഇത്തരം മദ്യപാന വിവാദങ്ങളിൽ അകപ്പെട്ടിട്ടില്ല എന്നതും അദ്ദേഹത്തിന് അനുകൂലമായി. എന്നാൽ സ്റ്റോക്സും അറ്റ്കിൻസനും ചെൽസിയിലെ 'റെക്സ് റൂംസ്' നൈറ്റ് ക്ലബ്ബിലേക്ക് പോവുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ ക്ലബ്ബിൽ വച്ച് റഗ്ബി യുവതാരം ടോട്ടോവ ഔവയും ഇംഗ്ലണ്ട് താരങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും, റഗ്ബി താരം ഇവരെ തല്ലാൻ ഓങ്ങുകയും ചെയ്തു. എന്നാൽ ഔവയുടെ ഇടികൊണ്ടതാകട്ടെ ഇസിബിയുടെ സുരക്ഷാ ജീവനക്കാരന്റെ മുഖത്തും. പരിക്കേറ്റ ജീവനക്കാരന് തുന്നലിടേണ്ടി വന്നു.
സംഭവത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് പുറമെ ഇംഗ്ലണ്ട് ക്യാപ്ടൻ സ്ഥാനത്ത് തുടരണമോ അതോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിക്കണമോ എന്ന കാര്യത്തിൽ തന്റെ ഉപദേശകരുമായി സ്റ്റോക്സ് ചർച്ച നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ബെൻ സ്റ്റോക്സിന് പിന്തുണയുമായി മുൻ ക്യാപ്‌ടൻ മൈക്കൽ വോൺ രംഗത്തെത്തി. 'അദ്ദേഹം നിയനത്രണങ്ങൾ ലംഘിച്ചു എന്നത് ശരിയാണ്. എന്നാൽ ഇംഗ്ലണ്ട് ടെസ്റ്റ് നായക സ്ഥാനത്തുനിന്നും പുറത്താക്കാൻ മാത്രമുള്ള തെറ്റാണെന്ന് തോന്നുന്നില്ല. ചെറിയൊരു സസ്‌പെൻഷൻ നൽകാം. പക്ഷേ ക്യാപ്ടൻസി തെറിപ്പിക്കാനും മാത്രമുള്ള വലിയ സംഭവമായി ഇതിനെ കാണാനാകില്ല.' - മൈക്കൽ വോൺ പറഞ്ഞു.
ജൂൺ 25ന് ട്രെന്റ് ബ്രിഡ്ജിലാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. ഇസിബിയുടെ അന്വേഷണം നീണ്ടുപോവുകയാണെങ്കിൽ രണ്ടാം ടെസ്റ്റിന് പുറമെ മൂന്നാം ടെസ്റ്റിലും ഇരുവർക്കും കളിക്കാനായേക്കില്ല. 2017 മുതൽ 2022 വരെ 64 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെ നയിച്ച പരിചയസമ്പത്തുമായാണ് 35കാരനായ ജോ റൂട്ട് വീണ്ടും താല്ക്കാലിക നായകനാകുന്നത്. മോശം ഫോമിനെത്തുടർന്ന് 2022ലാണ് റൂട്ട് നായകസ്ഥാനം ഒഴിഞ്ഞത്. നിലവിൽ ടീമിലെ ഏറ്റവും മുതിർന്ന താരം റൂട്ട് മാത്രമാണ്. വൈസ് ക്യാപ്ടനായ ഹാരി ബ്രൂക്കിനും കഴിഞ്ഞ നവംബറിൽ നൈറ്റ് ക്ലബ്ബ് വിവാദങ്ങളിൽ പെട്ട ചരിത്രമുള്ളതിനാലാണ് റൂട്ടിനെ ഇസിബി നായകസ്ഥാനം ഏൽപ്പിച്ചത്.
🚨Street fight alert 🚨
— ᴄʀɪᴄᴋᴇᴛ ʟᴏᴠᴇʀ (@criclover451807) June 9, 2026
Ben Stokes and Gus Atkinson involved in a nightclub street fighting after England's Test win.
-It didn't confirmed that who is person knocked out by stokes with his punch👊
-Reports coming that his captaincy may in danger#ENGvsNZ #TestCricket… pic.twitter.com/ewCvfWtxsl
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |