SignIn
Kerala Kaumudi Online
Saturday, 25 July 2026 4.03 PM IST

രോഹിത് ശർമ്മയുടെ വിരമിക്കൽ; 'ടീമിൽ ആര് വേണം ആര് വേണ്ട എന്ന് തീരുമാനിക്കുന്നത് സെലക്ടർമാർ': ബിസിസിഐ

rohit-sharma
ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ ബാറ്റുചെയ്യുന്ന രോഹിത് ശർ‌മ്മ

ലണ്ടൻ: ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ്മയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തള്ളി ബിസിസിഐ ഉപാദ്ധ്യക്ഷൻ രാജീവ് ശുക്ല. രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ഒരു സാഹചര്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ രോഹിത് ഇന്ത്യൻ കുപ്പായമഴിച്ചു വച്ചേക്കുമെന്ന രീതിയിൽ ചില മാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.

'രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, അദ്ദേഹം കളി തുടരും. മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കേണ്ട യാതൊരു സാഹചര്യവുമില്ല,' രാജീവ് ശുക്ല മാദ്ധ്യമങ്ങളോട് പറഞ്ഞു.

ടീമിന്റെ നായകസ്ഥാനത്തോ മാനേജ്‌മെന്റിലോ മാറ്റങ്ങൾ വരുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിൽ ആര് വേണം ആര് വേണ്ട എന്ന് തീരുമാനിക്കുന്നത് സെലക്ടർമാരാണെന്നും, നിലവിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുത്ത് വിജയിക്കുന്നതിനാൽ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിതിന്റെ ഭാവി ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ക്രിക്കറ്റിന്റെ തറവാടായ ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 110 പന്തിൽ നിന്ന് 138 റൺസ് അടിച്ചുകൂട്ടി ഹിറ്റ്മാൻ തന്റെ ക്ലാസ് വീണ്ടും തെളിയിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 388 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുന്നതിനിടെ പിറന്ന സെഞ്ച്വറിയോടെ, ലോർഡ്‌സിൽ നൂറ് കടന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന അപൂർവ്വ നേട്ടവും രോഹിത് സ്വന്തമാക്കി.

അതിനിടെ പരമ്പരയ്ക്ക് ശേഷം രോഹിത് ശർമ്മ ഒപ്പിട്ടു നൽകിയ ഇന്ത്യൻ ടീമിന്റെ ജേഴ്സി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറും രംഗത്തെത്തി. 'എതിർ ടീമിലെ ഒരു താരത്തിൽ നിന്ന് ഞാൻ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ജേഴ്സിയാണിത്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ഇത് ഞാൻ സൂക്ഷിച്ചുവയ്ക്കും; നന്ദി രോഹിത് ശർമ്മ.' തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ബട്ലർ കുറിച്ചു.

English Summary

BCCI Vice President Rajiv Shukla vehemently denied rumors of Rohit Sharma's international cricket retirement, stating he remains a vital part of the Indian team. Shukla clarified that media and social media reports speculating Rohit would retire after the England ODI series are baseless. Sharma reinforced his position with a century in the third ODI.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, ROHITSHARMA, LATESTNEWS, BCCI, BCCI SELECTION COMMITTEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360