
സൂറിച്ച്: ഫിഫ വേൾഡ് കപ്പ് കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. സ്റ്റേഡിയങ്ങളിൽ സുരക്ഷാ മുൻകരുതലുകളുടെയും ഹരിതനയങ്ങളുടെയും ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 16 നഗരങ്ങളിൽ 40 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുക. ചരിത്രത്തിലെ തന്നെ വിപുലമായ ഫുട്‌ബോൾ ലോകകപ്പാണ് ഇക്കുറി നടക്കാൻ ഇരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന വേദികൾ പാരിസ്ഥിതിക സൗഹൃദമാക്കാൻ കൂടിയാണ് അധികൃതർ ശ്രമിക്കുന്നത്.
ലോകകപ്പിനോട് അനുബന്ധിച്ച് 90 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ലോകകപ്പിന്റെ പാരിസ്ഥിതികാഘാതം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഫിഫ. ഇതിനായി മുൻകൂട്ടി ചില പദ്ധതികൾ ഫിഫ ആവിഷ്കരിച്ചിട്ടുണ്ട്.
പുതിയ നിർമാണങ്ങൾ പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഒരു സ്‌റ്റേഡിയം പോലും പുതുതായി നിർമിച്ചിട്ടില്ല. ഓരോ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ടും പരിസ്ഥിതിസൗഹൃദ നടപടികൾ തയ്യാറാക്കിയിട്ടുണ്ട്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നൂറുശതമാനവും പുനഃരുപയോഗിക്കാവുന്ന ഊർജസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്‌റ്റേഡിയത്തിൽ നാലായിരം സോളാർ പാനലുകൾ വഴിയാണ് വൈദ്യുതി കണ്ടെത്തുന്നത്. ഇത്തരത്തിൽ പുനഃരുപയോഗ ഊർജ സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇത്തവണത്തെ ലോകകപ്പ്.
ഈ വർഷം ഭൗമദിനത്തിൽ സാമൂഹിക വനവത്കരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് ഫിഫ രൂപംനൽകിയിരുന്നു. അഞ്ചുപതിറ്റാണ്ടിലേറെയായി വടക്കേ അമേരിക്കയിൽ പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ. 'ആർബർ ഡേ ഫൗണ്ടേഷ'നുമായി സഹകരിച്ചാണ് ഫിഫ വനവത്കരണം നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |