SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.47 PM IST

വലിയ ഡിമാൻഡുമായി താരം; കിരീടം സമ്മാനിച്ച ക്യാപ്റ്റന്റെ തിരിച്ചുവരവിന് ‘നോ’ പറഞ്ഞ് ഗുജറാത്ത്

hardik-pandya
ഹാർദിക് പാണ്ഡ്യ

മുംബയ്: അടുത്ത വർഷത്തെ ഐപിഎൽ സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ മുംബയ് ഇന്ത്യൻസ് വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നാൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വേണമെന്ന ഹാർദിക്കിന്റെ ആവശ്യം തിരിച്ചുവരവിന് തടസമായെന്നാണ് സൂചന.

ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായും ഹാർദിക് ചർച്ച നടത്തിയിരുന്നതായി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരിച്ചെത്താനുള്ള താൽപര്യം താരം അറിയിച്ചത്. ഹാർദിക്കിനെ തിരിച്ചെത്തിക്കുന്ന കാര്യം ഗുജറാത്ത് ടൈറ്റൻസ് മാനേജ്മെന്റ് പരിഗണിച്ചിരുന്നു. നിലവിലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമായി ഇക്കാര്യം ചർച്ച ചെയ്തതായും ഹാർദിക്കിന്റെ തിരിച്ചുവരവിന് അദ്ദേഹം അനുകൂലമായി മറുപടി നൽകിയിരുന്നതായുമാണ് റിപ്പോർട്ട്. എന്നാൽ, തിരിച്ചെത്തണമെങ്കിൽ ടീമിന്റെ നായകസ്ഥാനം തന്നെ നൽകണമെന്ന ഹാർദിക്കിന്റെ ആവശ്യം വന്നതോടെ ചർച്ചകൾ പാതിവഴിയിൽ അവസാനിക്കുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഹാർദിക്കിന് നൽകാൻ ഗുജറാത്ത് ടൈറ്റൻസ് മാനേജ്മെന്റ് തയ്യാറായിട്ടില്ല.

അതേസമയം, പുതിയ ടീമിലേക്കുള്ള പ്രവേശനത്തിനെ സംബന്ധിച്ച് ഹാർദിക് നേരിട്ട് ഏതെങ്കിലും ഫ്രാഞ്ചൈസിയുമായി സംസാരിച്ചിട്ടില്ലെന്നാണ് താരത്തിന്റെ വക്താവ് വ്യക്തമാക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടെങ്കിൽ അത് മുംബയ് ഇന്ത്യൻസുമായി മാത്രമാണെന്നും വ്യക്തമാക്കി. 2022ൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായാണ് ഹാർദിക് ഐപിഎല്ലിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയത്. അരങ്ങേറ്റ സീസണിൽ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം അടുത്ത സീസണിൽ ഗുജറാത്തിനെ ഫൈനലിലും എത്തിച്ചു. തുടർന്ന് 2024 സീസണിന് മുന്നോടിയായി താരം മുംബയ് ഇന്ത്യൻസിലേക്ക് എത്തുകയായിരുന്നു.

ഹാർദിക് പാണ്ഡ്യ മുംബയിലെത്തിയ ശേഷം രോഹിത് ശർമയെ മാറ്റി അദ്ദേഹത്തെ ക്യാപ്റ്റനാക്കിയതിനെതിരെ ആരാധകരിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഹാർദിക്കിന് കഴിഞ്ഞിരുന്നില്ല. മുംബയ് ഇന്ത്യൻസ് ടീമും സീസണിന്റെ തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. അടുത്ത സീസണിൽ ടീമിനെ പുനഃസംഘടിപ്പിക്കാൻ മുംബയ് ഇന്ത്യൻസ് ഒരുങ്ങുന്നതിനിടെ ഹാർദിക്കിന്റെ ഭാവി എന്താകും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.

English Summary

Hardik Pandya is reportedly considering leaving Mumbai Indians ahead of the next IPL season and returning to Gujarat Titans. However, his demand to regain the captaincy reportedly stalled the move. Gujarat had discussed his return with current captain Shubman Gill, who was reportedly supportive. Pandya previously led Gujarat to the IPL title in 2022 before returning to Mumbai Indians.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDIK PANDYA, GUJARAT TITANS, HARDIK PANDYA CAPTAINCY, IPL 2027, MUMBAI INDIANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360