മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ പ്രാധാന്യമുള്ള ഇന്ത്യൻ പേസറാണ് ജസ്പ്രീത് ബുംറ. തുടർച്ചയായ പരിക്കുകളെ തുടർന്ന് പല മത്സരങ്ങളിൽ നിന്നും താരത്തെ മാറ്റി നിർത്തുന്നത് കടുത്ത ആശങ്കയാണ് ടീമിന് നൽകുന്നത്. ബുംറയുടെ അസാന്നിദ്ധ്യത്തിൽ ഇന്ത്യൻ പേസ് നിര ദുർബലമാണെന്നും അതിനാൽ മികച്ച ബൗളർമാരെ ടീമിൽ തിരഞ്ഞെടുക്കണമെന്നും ക്രിക്കറ്റ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി തുടങ്ങിയ പേരുകൾ ഉയർന്നെങ്കിലും ബിസിസിഐ പരിഗണിച്ചത് പുതുമുഖമായ ഔഖിബ് നബിയെയാണ്. മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള മുഹമ്മദ് ഷമിയുടെ പേര് എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യമാണ് പരക്കെ ഉയർന്നത്. 2025ൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 2023ന് ശേഷം അദ്ദേഹം കളിച്ചിട്ടില്ല. ഏകദിനത്തിൽ 2025ൽ ന്യൂസിലൻഡിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.
പരിക്കാണ് ആദ്യം ഷമിയെ ദേശീയ ടീമിൽ നിന്ന് അകറ്റിയത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആവശ്യമായ ശാരീരിക ക്ഷമത താരത്തിന് ഇപ്പോൾ ഇല്ലെന്നാണ് അജിത് അഗാർക്കാർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഷമിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരമാണ് നിലവിൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഔഖിബ് നബി.
അതായത്, ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവ പേസർമാരെക്കാൾ മുന്നിലെത്തണമെന്ന സന്ദേശമാണ് ഷമിക്ക് സെലക്ടർമാർ നൽകുന്നത്. ദുലീപ് ട്രോഫി അടക്കമുള്ള മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാദ്ധ്യമാകുകയുള്ളൂ. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവ് തെളിയിച്ചാൽ മാത്രമേ ഷമിക്ക് മുന്നിൽ ദേശീയ ടീമിലേക്കുള്ള വാതിൽ ഇനി തുറക്കൂ എന്നത് വ്യക്തമാണ്.
കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഒന്ന് രണ്ടുമത്സരങ്ങളിലെ മോശം പ്രകടനത്തെ മുൻനിർത്തി സഞ്ജു സാംസണിനെ ടീമിൽ നിന്ന് ഒഴിവാക്കിയതും ഏറെ ചർച്ചയായിരുന്നു. ഓപ്പണിംഗ് ബാറ്റ്സമാനായ അഭിഷേക് ശർമ കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിൽ തുടർന്നിട്ടും താരത്തെ ടീമിൽ തുടരാൻ അനുവദിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ആരാധകർക്കിടയിൽ ഉണ്ടായത്.
Indian pacer Mohammed Shami has been excluded from the national team despite consistent domestic performances, with selectors citing his lack of physical fitness for Test cricket. Newcomer Auqib Nabi was chosen instead, deemed to have performed better. Selectors indicate Shami must now significantly outperform younger pacers in domestic tournaments like the Duleep Trophy to earn a potential return to the national squad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |