കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സായി സുദർശന് പകരക്കാരനായി ഇന്ത്യൻ ടീമിലെത്തിയ സർഫറാസ് ഖാന്റെ മുടിവെട്ടുന്ന രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മറ്റാരുമല്ല താരത്തിന് മുടിവെട്ടിക്കൊടുക്കുന്നത്, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജാണ് താൽക്കാലിക 'ബാർബർ' ആയത്. ടീം താമസിക്കുന്ന ഹോട്ടലിൽ നടന്ന രസകരമായ നിമിഷങ്ങളുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സർഫറാസിന്റെ അടുത്തെത്തിയ സിറാജ് ട്രിമ്മർ ഉപയോഗിച്ച് മുടിവെട്ടാൻ തുടങ്ങുകയായിരുന്നു. എന്നാൽ സിറാജിന്റെ ‘ബാർബർ’ കഴിവുകളിൽ സർഫറാസിന് വലിയ വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സിറാജ് മുടിവെട്ടാൻ തുടങ്ങുമ്പോൾ സർഫറാസ് ആശങ്കയോടെ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഹെയർസ്റ്റൈലിസ്റ്റിന്റെ സാന്നിദ്ധ്യത്തിലാണ് സിറാജ് സർഫറാസിന് മുടി വെട്ടിക്കൊടുത്തത്. പിന്നീട് ഹെയർസ്റ്റൈലിസ്റ്റ് തന്നെ മുടിവെട്ടൽ പൂർത്തിയാക്കി സർഫറാസിന് പുതിയ ലുക്ക് നൽകി. ഇന്ത്യൻ ടീമിലെ താരങ്ങൾ തമ്മിലുള്ള സൗഹൃദവും തമാശകളും വ്യക്തമാക്കുന്ന വീഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പരിക്കേറ്റ സായി സുദർശന് പകരക്കാരനായാണ് സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. സുദർശൻ വലത് കാൽവിരലിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനെ തുടർന്നാണ് ടീമിൽ നിന്ന് പുറത്തായത്. നീണ്ട ഇടവേളയ്ക്കുശേഷമാണ് സർഫറാസ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇതുവരെ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളിൽ കളിച്ച താരം 37.1 ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ട്. ഈ മാസം 15ന് ഗാലെയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അതേസമയം, പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ പരമ്പരയിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ പ്രധാന ചുമതലകളിലൊന്ന് മുഹമ്മദ് സിറാജിനാണ്. പുതിയ പരമ്പരയ്ക്ക് മുന്നോടിയായുള്ള താരങ്ങൾക്കിടയിലെ ഈ രസകരമായ നിമിഷമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
Mohammed Siraj’s playful barber act for returning teammate Sarfaraz Khan has gone viral on social media. Sarfaraz joined India’s Test squad as Sai Sudharsan’s replacement after his injury. Siraj used a trimmer while a hairstylist supervised and completed the haircut. Sarfaraz has returned to Test cricket after a long gap. Siraj will play a key role in India’s pace attack against Sri Lanka.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |