
ന്യൂഡൽഹി: ബോക്സിംഗ് റിംഗിൽ എതിരാളിയെ ഇടിച്ചിടാൻ ഉത്സാഹിക്കുമ്പോൾ പേരൊന്നും ആരും നോക്കാറില്ല, പക്ഷേ 'നരേന്ദർ' എന്ന എതിരാളിയുടെ പേര് കണ്ട് ഒരിക്കൽ പാകിസ്ഥാൻ ബോക്സർ നടത്തിയ രസകരമായ പരാമർശം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ചത് കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവായ ഇന്ത്യൻ ബോക്സർ നരേന്ദർ ബെർവാളാണ്.
2015-ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക മിലിട്ടറി ഗെയിംസിനിടെയാണ് സംഭവം. പാക് ബോക്സറുമായുള്ള മത്സരത്തിൽ പരിക്കേറ്റതിനേത്തുടർന്ന് ഇരുവരും ആശുപത്രിയിലായി. ഇതിനിടെയാണ് രസകരമായ സംഭാഷണം ഉണ്ടായത്.
ബെർവാളിന്റെ പേര് നരേന്ദർ. അദ്ദേഹത്തിന്റെ കോച്ചിന്റെ പേരും നരേന്ദർ. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര മോദിയും. മൂന്ന് 'നരേന്ദ്ര'മാരുടെ കാര്യം ശ്രദ്ധിച്ച പാക് താരം ബെർവാളിനോട് തമാശയായി പറഞ്ഞത്രേ, 'നരേന്ദ്ര എന്ന പേരിനോട് തന്നെ എനിക്ക് ഇപ്പോൾ വെറുപ്പായി". ഇന്നലെ സ്വീകരണച്ചടങ്ങിൽ ബെർവാൾ പറഞ്ഞ കഥ കേട്ട് മോദി പൊട്ടിച്ചിരിച്ചു.
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ 90 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തിലാണ് ബെർവാൾ വെള്ളി നേടിയത്. ടീം ഇന്ത്യയുടെ പ്രകടനവും മികച്ചതായിരുന്നു. 13 സ്വർണവും 17 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |