SignIn
Kerala Kaumudi Online
Tuesday, 11 August 2026 12.04 AM IST

ക്രിസ്റ്റ്യാനോയുടെ കല്യാണം കൂടാനെത്തി വെട്ടിലായി

cristiano

മദേര : പോർച്ചുഗീസ് ഫുട്ബാൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളിയും മോഡലുമായ ജോ‍ർജീന റോഡ്രിഗസും വിവാഹിതരാകുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ കഴിഞ്ഞദിവസം പോർച്ചുഗീസ് നഗരമായ മദേരയിലെ ഫിൻചാൽ പള്ളിയിലേക്ക് എത്തിയത് ആയിരക്കണക്കിന് ആരാധകർ. റൊണാൾഡോയും ജോ‍ർജിനയും ഈ മാസം 8ന് താരത്തിന്റെ ജന്മനാടായ പോർച്ചുഗലിലെ മദേരയിലെ ഫിൻചാൽ കത്തീഡ്രലിൽ വച്ച് വിവാഹിതരാകുമെന്നായിരുന്നു വാർത്തകൾ. ഇക്കാര്യം പിന്നാലെ നിഷേധിച്ചിരുന്നെങ്കിലും എട്ടാം തീയതി കത്തീഡ്രലിൽ നടന്ന മറ്റൊരു വിവാഹച്ചടങ്ങിലേക്ക് നൂറുകണക്കിന് റൊണാൾഡോ ആരാധകർ ഇരച്ചുകയറി.

റൊണാൾഡോയുടെ പേരെഴുതിയ ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് രണ്ടായിരത്തോളമധികം ആരാധകർ പള്ളി അങ്കണത്തിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ ഒരു ആഡംബര കാറിൽ വധു പള്ളിയിലേക്ക് എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. ആരാധകർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ച് റൊണാൾഡോയുടെ പേര് വിളിച്ചുപറഞ്ഞ് കാറിന് ചുറ്റും കൂടി. എന്നാൽ കാറിൽനിന്നിറങ്ങിയ ജോർജീന ആയിരുന്നില്ല, മറ്റൊരു യുവതിയായിരുന്നു.

ജനക്കൂട്ടത്തെ കണ്ട് അമ്പരന്ന യുവതി, താൻ ജോർജീന അല്ലെന്നും ഫാത്തിമ നിക്കോളാണെന്നും പങ്കാളി ഫാബിയോ റാമോസുമായുള്ള തന്റെ വിവാഹത്തിനായാണ് എത്തിയതെന്നും ഉറക്കെ വിളിച്ചുപറഞ്ഞു. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ആരാധകരെ മാറ്റിയ ശേഷമാണ് വധുവിന് സുരക്ഷിതമായി കത്തീഡ്രലിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ റൊണാൾഡോയും പ്രതികരണവുമായി രംഗത്തെത്തി. പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയാണ് താരം കമന്റായി ഇട്ടത്.

ഫിഫ ലോകകപ്പിനു പിന്നാലെയാണ് റൊണാൾഡോ വിവാഹിതനാകുന്നെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. 2016ൽ സ്പെയിനിലെ മഡ്രിഡിലുള്ള ഒരു ഫാഷൻ സ്റ്റോറിൽ വച്ചാണ് റൊണാൾഡോയും ജോർജീനയും കണ്ടുമുട്ടിയതും പ്രണയത്തിലായതും. 2017ലാണ് പ്രണയം ആരാധകരോടു വെളിപ്പെടുത്തിയത്. നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോയുടെ 5 മക്കളിൽ 2 പേർ മുപ്പത്തിരണ്ടുകാരി ജോർജിനയുമായുള്ള ബന്ധത്തിൽ നിന്നുള്ളവരാണ്. 2025 ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360