
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ 4-1ന് തോൽപ്പിച്ച് ബാഴ്സലോണ
ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ഇന്റർ മിലാനും ജയം, അത്‌ലറ്റിക്കോയ്ക്ക് തോൽവി
മാഡ്രിഡ് : 2020ലെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ തങ്ങളെ 8-2ന് തോൽപ്പിച്ചിരുന്ന ബയേൺ മ്യൂണിക്കിനോട് ഒടുവിൽ ബാഴ്സയുടെ പ്രതികാരം. കഴിഞ്ഞ രാത്രി നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ 4-1നാണ് ബാഴ്സ ബയേണിനെ കീഴടക്കിയത്. ഹാട്രിക് നേടിയ നായകൻ റഫീഞ്ഞയാണ് ബാഴ്സയുടെ വിജയശിൽപ്പി. ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ചെക്ക് ക്ളബ് സ്പാർട്ട പ്രാഹയെയും ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് ആർ.ബി ലെയ്പ്സിഗിനെയും തോൽപ്പിച്ചു. സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ ഫ്രഞ്ച് ക്ളബ് ലിലെ 3-1ന് കീഴടക്കി.
ഹാട്രിക്ക് റഫീഞ്ഞ
കാറ്റലോണിയയിലെ ഒളിമ്പിക് ലൂയിസ് കമ്പനീസ് സ്റ്റേഡിയത്തിൽ കളി തുടങ്ങി ആദ്യ മിനിട്ടിൽ തന്നെ വലകുലുക്കി ബാഴ്സലോണ നായകൻ റഫീഞ്ഞ നയം വ്യക്തമാക്കിയിരുന്നു.18-ാം മിനിട്ടിൽ ഹാരി കേനിലൂടെ ബയേൺ മറുപടി നൽകിയെങ്കിലും 36-ാം മിനിട്ടിൽ മുൻ ബയേൺ താരം റോബർട്ട് ലെവാൻഡോവ്സ്കിയിലൂടെ ബാഴ്സ ലീഡ് തിരിച്ചുപിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് വീണ്ടുംസ്കോർ ചെയ്ത റഫീഞ്ഞ 56-ാം മിനിട്ടിലാണ് പട്ടിക പൂർത്തിയാക്കിയത്.
ബാഴ്സയുടെ പ്രതികാര കഥ
2020ലെ കൊവിഡ് കാലത്ത് ബയേണിൽ നിന്നേറ്റ കനത്ത തോൽവിയാണ് ലയണൽ മെസി ക്ളബ് വിട്ടുപോകുന്നത് ഉൾപ്പടെയുള്ള ആഭ്യന്തരപ്രശ്നങ്ങളിലേക്കുവരെ ബാഴ്സയെ വലിച്ചിട്ടത്. അന്ന് ഒറ്റപ്പാദമായി നടത്തിയ ക്വാർട്ടർ ഫൈനലിൽ 8-2 നായിരുന്നു ബയേൺ ജയിച്ചിരുന്നത്. യൂറോപ്യൻ ക്ളബ് തലത്തിൽ ബാഴ്സയ്ക്ക് അതുവരെയുണ്ടായിരുന്ന സൽപ്പേരാണ് ബയേൺ ഇല്ലാതാക്കിയത്.
അതിന് ശേഷം ഇത് അഞ്ചാം തവണയാണ് ബാഴ്സയും ബയേണും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ നാലുതവണയും ജയം ബയേണിനൊപ്പമായിരുന്നു. 2021 ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും 3-0 എന്ന മാർജിനിലായിരുന്നു ബയേണിന്റെ തോൽവി.2022 സീസൺ ചാമ്പ്യൻസ് ലീഗിൽ 3-0ത്തിനും 2-0ത്തിനും ബയേൺ ജയിച്ചു.
ബാഴ്സയ്ക്ക് അധികം വിജയങ്ങൾ നേടാൻ കഴിയാത്ത എതിരാളികളാണ് ബയേൺ.ഇരുവരും ഇതുവരെ 16 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 11എണ്ണത്തിലും ജയിച്ചത് ബയേണാണ്. മൂന്ന് കളികളിൽ മാത്രമാണ് ബാഴ്സ ജയിച്ചത്.രണ്ട് മത്സരങ്ങൾ സമനിലയായി.
2020ൽ ബയേണിനായി ഇരട്ട ഗോളടിച്ച തോമസ് മുള്ളർ ഇന്നലെയും അവർക്കുവേണ്ടി കളിക്കാനുണ്ടായിരുന്നു. 2020ൽ ബയേൺ ടീമിനുവേണ്ടി ഒരു ഗോൾ നേടിയിരുന്ന പോളിഷ് താരം റോബർട്ട് ലെവാൻഡോവ്സ്കി ഇത്തവണ ബാഴ്സയുടെ കുപ്പായത്തിൽ ബയേണിനെതിരെ ഒരു ഗോളടിച്ചു.
ഡബിൾ ഹാലാൻഡ്
ഇരട്ട ഗോളുകൾ നേടിയ എർലിംഗ് ഹാലാൻഡിന്റെയും ഓരോ ഗോളടിച്ച ഫിൽ ഫോഡന്റെയും ജോൺ സ്റ്റോൺസിന്റെയും മാത്യൂസ് ന്യൂനസിന്റെയും മികവിലാണ് മാഞ്ചസ്റ്റർ സിറ്റി 5-0ത്തിന് സ്പാർട്ട പ്രാഹയെ കീഴടക്കിയത്. 27-ാം മിനിട്ടിൽ ഡാർവിൻ ന്യൂനസ് നേടിയ ഗോളിനാണ് ലിവർപൂൾ ലെയ്പ്സിഗിനെ മറികടന്നത്.
മത്സരഫലങ്ങൾ
ബാഴ്സലോണ 4- ബയേൺ മ്യൂണിക്ക് 1
മാഞ്ചസ്റ്റർ സിറ്റി 5- സ്പാർട്ട പ്രാഹ 0
ലിവർപൂൾ 1- ലെയ്പ്സിഗ് 0
ബ്രെസ്ത് 1- ലെവർകൂസൻ1
ലിലെ 3-അത്‌ലറ്റിക്കോ മാഡ്രിഡ് 1
ഇന്റർ മിലാൻ 1-യംഗ് ബോയ്സ് 0
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |