
തിരുവനന്തപുരം : തായ്ലാൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ദിവി ബിജേഷ് സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്ളിറ്റ്സിലും ചാമ്പ്യനായി. റാപ്പിഡ് വിഭാഗത്തിലെ വ്യക്തിഗത വെങ്കലമെഡലും ദിവിക്ക് ലഭിച്ചു. ജേഷ്ഠൻ ദേവ്നാഥ് അണ്ടർ -15 ടീമിനത്തിൽ വെങ്കലം നേടി. ടെക്നോപാർക്ക് ജീവനക്കാരായ ബിജേഷിന്റെയും പ്രഭയുടെയും മകളാണ് ഇരുവരും. ദിവി ഫിഡെ റേറ്റഡ് താരമാണ്. കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികളാണ്.
നേരത്തേ ഹൈദരാബാദിൽ നടന്ന അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിരുന്നു. ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം സ്വർണം, ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി,വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ചാമ്പ്യൻ. വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം വെള്ളി, ഫിഡെ വേൾഡ് കപ്പ് (8-12 പ്രായപരിധി)അഞ്ചാം സ്ഥാനം, കോമൺവെൽത്ത് ചെസ് അണ്ടർ 10ൽ മൂന്നാം റണ്ണർ അപ്പ് എന്നിവയാണ് ദിവിയുടെ മറ്റ് പ്രധാന മെഡൽ നേട്ടങ്ങൾ.
കൊവിഡ് കാലത്ത് ബോറടി മാറ്റാൻ ദേവ്നാഥാണ് ദിവിയെ ചെസ് കളി പഠിപ്പിച്ചത്. ചെസിലെ താത്പര്യം തിരിച്ചറിഞ്ഞതോടെ മാസ്റ്റേഴ്സ് അക്കാഡമിയിലെ ജി.എസ് ശ്രീജിത്തിന്റെ അടുക്കൽ പരിശീലനത്തിന് എത്തിച്ചു. അവിടെനിന്ന് തുടങ്ങിയ ദിവി തുടർന്ന് ദേശീയ - അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച് ശ്രദ്ധേയയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |