SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

ചുവപ്പിൽ പതറാതെ ബ്ളാസ്റ്റേഴ്സ് ബ്ലാസ്‌റ്റ്

b

ന്യൂഡൽഹി: ചുവപ്പുകാർഡു കണ്ട് രണ്ട് താരങ്ങൾ പുറത്തുപോയിട്ടും ഡൽഹിയിൽ പുതുവത്‌സരത്തിലെ ആദ്യ ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ 1-0ത്തിന് കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയുടെ 42-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നോഹ സദൂയിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.

രണ്ട് ചുവപ്പ് കാർഡ്

പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്‌തതിന് 58-ാം മിനിട്ടിൽ പ്രതിരോധ താരങ്ങളായ ഡ്രിൻസിച്ചും 74-ാം മിനിട്ടിൽ ഐബാൻ ഡോളിംഗും ചുവപ്പ് കാർഡ് കണ്ടതോടെ കേരളാ ബ്ലാസ്റ്റേഴ്സ് 9 താരങ്ങളുമായാണ് മത്സരം പൂർത്തിയാക്കിയത്. അവസാന മിനിട്ടുകളിൽ കേരളാ ബോക‌്സിനുള്ളിൽ പഞ്ചാബ് താരങ്ങൾ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും പ്രതിരോധ നിര പൊരുതി നിന്ന് ഗോൾ ഒഴിവാക്കി.

ഫിനിഷിംഗ് പിഴവ്

ഒന്നാം പകുതിയിൽ ബ്ളാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കമെങ്കിലും ഫിനിഷിംഗിലെ പോരായ്‌മ തിരിച്ചടിയായി. 27-ാം മിനിട്ടിൽ ബോക്‌സിന് വെളിയിൽ നിന്ന് ക്യാപ്‌ടൻ അഡ്രിയാൻ ലൂണയുടെ കിടിലൻ ഷോട്ട് പഞ്ചാബ് ഗോൾകീപ്പർ ഷബീർ കുത്തിയകറ്റി. തൊട്ടു പിന്നാലെ പഞ്ചാബ് താരം നിഹാൽ സുധീഷ് ഒറ്റയ്‌ക്ക് നടത്തിയ മുന്നേറ്റം ബ്ളാസ്റ്റേഴ്സ് കീപ്പർ സച്ചിൻ സുരേഷും വിഫലമാക്കി.

ഗോൾ ഗോൾ...

മദ്ധ്യനിരയിൽ നിന്ന് പെപ്ര ഉയർത്തി നൽകിയ പന്തുമായി ഒറ്റയ്‌ക്കു മുന്നേറിയ നോഹയെ ബോക്‌സിനുള്ളിൽ സുരേഷ് മെയ്തെ ഫൗൾ ചെയ്‌ത് വീഴ്‌ത്തിയതിനാണ് 42-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന് പെനാൽറ്റി കിട്ടിയത്. പെനാൽറ്റി കിക്കെടുത്ത നോഹ ഗോൾകീപ്പർ ഷബീറിനെ നിഷ്‌പ്രഭനാക്കി പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് പന്ത് പ്ലേസ് ചെയ്‌തു.

അൺലക്കി അസ്മീർ

അതേസമയം 21-ാം മിനിട്ടിൽ നിഹാലിനെ ഡ്രിൻസിച്ച് വീഴ്ത്തിയതിനെ തുടർന്ന് പഞ്ചാബ് എഫ്.സിയുടെ അസ്‌മീർ എടുത്ത ഫ്രീകിക്ക് ഗോൾബാറിനെ ഉരുമി പുറത്തുപോയി. രണ്ടാം പകുതിയിൽ 54-ാം മിനിട്ടിലും അസ്‌മീറിന്റെ ഫ്രീകിക്ക് കേരളാ ഗോൾമുഖത്ത് അപകടം വിതച്ചെങ്കിലും ഡിഫൻഡർ ഹോർമിപാമിന്റെ ഗോൾലൈൻ സേവ് ഗോൾ തടഞ്ഞു..

ഇന്നലത്തെ വിജയത്തോടെ കേരളാബ്ളാസ്റ്റേഴ്സ് 9-ാം സ്ഥാനത്തെത്തി. ജനുവരി 13ന് ഒഡീഷയ്‌ക്കെതിരെയാണ് അടുത്ത മത്സരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NOAHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360