SignIn
Kerala Kaumudi Online
Thursday, 22 October 2026 11.36 PM IST

രണ്ട് പൊന്നുകൾ

national-games

ദേശീയ ഗെയിംസിന്റെ രണ്ടാം ദിനം കേരളത്തിന് രണ്ട് സ്വർണം

വെയ്റ്റ് ലിഫ്റ്റിംഗിൽ സുഫ്ന ജാസ്മിൻ, നീന്തലിൽ ഹർഷിത ജയറാം

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ രണ്ട് സ്വർണമെഡലുകളുമായി കേരളം. വനിതകളുടെ വെയ്റ്റ് ലിഫ്ടിംഗിലും നീന്തലിലുമാണ് ഇന്നലെ കേരളം പൊണിഞ്ഞത്. ഇന്നലെ രാവിലെ വനിതകളുടെ 45 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംഗിൽ സുഫ്ന ജാസ്മിൻ പി.എസാണ് ഈ ഗെയിംസിൽ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്. വൈകിട്ട് 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാം രണ്ടാം സ്വർണവും അക്കൗണ്ടിലെത്തിച്ചു. ഇതോടെ കേരളത്തിന്റെ ആകെ മെഡലുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം നീന്തലിൽ സാജൻ പ്രകാശ് രണ്ട് വെങ്കലങ്ങൾ നേടിയിരുന്നു.

സ്‌നാച്ചിൽ 72 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 87 കിലോയും ഉയർത്തിയാണ് സുഫ്ന ഒന്നാമതെത്തിയത്. സ്‌പോർട്‌സ് കൗൺസിൽ പരിശീലക ചിത്ര ചന്ദ്രമോഹനാണ് സുഫ്നയുടെ പരിശീലക. കഴിഞ്ഞ സീനിയർ നാഷണൽസിൽ സ്‌നാച്ചിൽ 76 കിലോ യും ക്ലീൻ ആൻഡ് ജെർക്കിൽ 94 കിലോയും ഉയർത്തി സുഫ്ന റെക്കാർഡ് സൃഷ്ടിച്ചിരുന്നു. പരവരഗത്ത് വീട്ടിൽ സലീം ആണ് പിതാവ്. ഖദീജ മാതാവും തസ്ലീമ നസ്‌റിൻ, സുൽഫിയ ഷെറിൻ എന്നിവർ സഹോദരങ്ങളുമാണ്.
നീന്തലിൽ കേരളത്തിന്റെ വനിതാ പ്രതീക്ഷയായ ഹർഷിത ജയറാം 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ 2.42.38 സെക്കന്റിൽ നീന്തിയെത്തിയാണ് സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ ദേശീയ ഗെയിംസിലും ഇതേ ഇനത്തിൽ സ്വര്‍ണം നേടിയിരുന്നു. തൃശൂർ സ്വദേശിനിയായ ഹർഷിത ബെംഗളൂരുവിലാണ് സ്ഥിര താമസം. സൗത്ത് വെസ്റ്റ് റെയിൽവേയിലാണ് ജോലി. കണ്ണൂർ സ്വദേശി ജയരാജ് ആണ് പരിശീലകൻ.

ആശുപത്രിയിൽ നിന്ന് ഐശ്വര്യ

വന്നു, കേരളം ഫൈനലിൽ

സെമിയിൽ അസാമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കേരളം വനിതാ ബീച്ച് ഹാൻഡ്ബാളിൽ ഫൈനലിലെത്തി . തുടർച്ചയായി രണ്ടാം ദേശീയ ഗെയിംസിലാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം. നിശ്ചിത സമയം പിന്നിട്ടപ്പോൾ ഇരുടീമുകളും ഓരോ പകുതിയിലും ജയം നേടി. കേരളത്തിന് വേണ്ടി അശ്വതി 12 ഉം അൽഫോൺസ 10 ഉം പോയിന്റ് വീതം നേടി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ ഐശ്വര്യയാണ് രക്ഷകയായത്. ശ്വാസ തടസവും ആരോഗ്യ പ്രശ്‌നവും കാരണം ഐശ്വര്യ കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്നു. സെമി ഫൈനലിന് കഴിഞ്ഞ് ആശുപത്രിയിൽ തിരികെ പ്രവേശിക്കേണ്ടിയും വന്നു. ഐശ്വര്യക്ക് ഫൈനൽ മത്സരം നഷ്ടമായേക്കും.

ബാസ്കറ്റ്ബാളിൽ

സെമിയിലേക്ക്

വനിതകളുടെ 5x5 ബാസ്‌ക്കറ്റ്‌ബാളിൽ തുടർച്ചയായ രണ്ടാം വിജയവുമായി കേരളം ഒരു മത്സരം ബാക്കി നിൽക്കെ സെമി ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ 90-40 ന് തോല്‍പ്പിച്ചു. 14 പോയിന്റുമായി ജീന പി. എസ് ടോപ് സ്‌കോററായി. സൂസൻ ഫ്ളോറന്റീന 11 പോയിന്റും , ശ്രീകലയും, ജയലക്ഷ്മിയും 10 പോയിന്റുകൾ വീതവും നേടി.

കേരളത്തിന്റെ മറ്റ് ഫലങ്ങൾ

പുരുഷ ട്രയാത്ത്ലോണിൽ കേരളത്തിന്റെ മുഹമ്മദ് റോഷന് നേരിയവ്യത്യാസത്തിൽ മെഡൽ നഷ്ടമായി. നാലാം സ്ഥാനത്താണ് റോഷൻ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ആദ്യമായാണ് ട്രയാത്ത്ലോണിൽ കേരളാ താരം നാലാമതായി ഫിനിഷ് ചെയ്യുന്നത്.


കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിലേക്ക് യോഗ്യത നേടിയ വിദർശ. കെ .വിനോദ് ഫൈനലിൽ ആറാം സ്ഥാനത്തായി . തമിഴ്‌നാടിനാണ് സ്വർണം.

പുരുഷ - വനിതാ വിഭാഗം റഗ്ബിയിൽ കേരളം ക്വാർട്ടറിൽ തോറ്റുപുറത്തായി.


പുരുഷ വാട്ടർപോളോയിൽ കേരള വിജയിച്ചു തുടങ്ങി. എതിരില്ലാത്ത 20 ഗോളിന് മണിപൂരിനെയാണ് തോൽപ്പിച്ചത്.

പുരുഷ ഫുട്‌ബാളിൽ കേരളം എകപക്ഷീയമായ ഒരു ഗോളിന് മണിപൂരിനെ തോല്‍പ്പിച്ചു. ബിബിൻ ബോബനാണ് വിജയഗോൾ നേടിയത്.

വനിതാ - പുരുഷ വോളിബാളിലും കേരളം വിജയിച്ചു. വനിതകൾ തമിഴ്‌നാടിനെയും പുരുഷന്മാർ ഹരിയാനയെയും ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചു. പുരുഷന്മാർ ആദ്യ മത്സരത്തിൽ സർവീസസിനോട് പരാജയപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NATIONAL GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360