SignIn
Kerala Kaumudi Online
Thursday, 22 October 2026 11.36 PM IST

പരമ്പര പിടിക്കാൻ പൂനെയിൽ

cricket

ഇന്ത്യ - ഇംഗ്ളണ്ട് നാലാം ട്വന്റി-20 ഇന്ന് പൂനെയിൽ

പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ

പൂനെ : ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കുകയും മൂന്നാം മത്സരത്തിൽ അടിതെറ്റുകയും ചെയ്ത ഇന്ത്യൻ ടീം ഇന്ന് ഇംഗ്ളണ്ടിനെതിരായ നാലാം ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. പൂനെയിൽ ഇന്ന് ജയിച്ച് അഞ്ചുമത്സര പരമ്പരയുടെ വിധി അവസാന കളിയിലേക്ക് നീട്ടാതിരിക്കാനാണ് സൂര്യകുമാർ യാദവിന്റേയും സംഘത്തിന്റേയും ശ്രമം. അതേസമയം ആദ്യ രണ്ട് കളികളിൽ ഇന്ത്യയുടെ ചേസിംഗിന് മുന്നിൽ പറ്റിയ പാളിച്ചകൾ കണ്ടെത്തി തിരുത്തി രാജ്കോട്ടിൽ കണ്ടെത്തിയ വിജയതാളം തുടരാനാണ് ബട്ട്‌ലറും കൂട്ടരും ലക്ഷ്യമിടുന്നത്. സ്പിന്നർ ആദിൽ റഷീദ് ഫോമിലേക്കുയർന്നതാണ് കഴിഞ്ഞ ദിവസം രാജ്കോട്ടിൽ നടന്ന മൂന്നാം ട്വന്റി-20യിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരുവിക്കറ്റേ ആദിൽ റഷീദ് വീഴ്ത്തിയുള്ളെങ്കിലും ഇന്ത്യയ്ക്ക് വേഗത്തിൽ റൺസ് വേണ്ട സമയത്ത് അത് നൽകാതെ സമ്മർദ്ദത്തിലാക്കിയതാണ് ആദിലിന്റെ മികവായത്. ഓരോ മത്സരം കഴിയുമ്പോഴും ഇന്ത്യയിലെ കാലാവസ്ഥയും പിച്ചിന്റെ സ്വഭാവവും കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഇംഗ്ളണ്ട് താരങ്ങൾക്ക് കഴിയുന്നത് അവരുടെ സ്കോറിംഗിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ടോസിന്റെ ഭാഗ്യം ഇന്ത്യയെ തുണച്ചിരുന്നു.

ഓപ്പണിംഗിൽ നിന്ന്

സഞ്ജു മാറുമോ ?

കഴിഞ്ഞ മത്സരത്തിലെ തോൽവി ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാമെന്നാണ് സൂചനകൾ.

ആദ്യ മത്സരത്തിൽ 20 പന്തുകളിൽ 26 റൺസ് നേടിയെങ്കിലും തുടന്നുള്ള രണ്ട് കളികളിലും ഒറ്റയക്കത്തിന് (5,3) പുറത്തായ സഞ്ജു സാംസണെ ഓപ്പണിംഗിൽ നിന്ന് മാറ്റുമോ എന്നതാണ് പ്രധാന സന്ദേഹം.

അതിവേഗ പന്തുകളെ നേരിടുന്നതിൽ സഞ്ജുവിനുള്ള പാളിച്ചകൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇംഗ്ളീഷ് പേസർ ജൊഫ്ര ആർച്ചറാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കിയത്.

ആർച്ചറെ നേരിടാൻ പ്ളാസ്റ്റിക് പന്തുകൾ ഉപയോഗിച്ച് പ്രത്യേക പരിശീലനം നടത്തിയതും സഞ്ജുവിന് രാജ്കോട്ടിൽ ഉപകാരപ്പെട്ടിട്ടില്ല.

ആദ്യ അഞ്ചോവറുകൾ തികച്ച് ബാറ്റുചെയ്യാൻ സഞ്ജുവിന് കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്നം.

ഒരുവർഷത്തിലേറെക്കഴിഞ്ഞ ഇന്ത്യൻ കുപ്പായത്തിൽ തിരിച്ചെത്തിയ ഷമിക്ക് കഴിഞ്ഞ മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. മൂന്നോവറിൽ 25 റൺസ് വഴങ്ങിയ ഷമിക്ക് വിക്കറ്റ് ലഭിച്ചില്ല.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),സഞ്ജു, അഭിഷേക് ശർമ്മ,തിലക് വർമ്മ,നിതീഷ് കുമാർ റെഡ്ഡി,മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,ധ്രുവ് ജുറേൽ,റിങ്കു സിംഗ്,ഹാർദിക് പാണ്ഡ്യ,അക്ഷർ പട്ടേൽ,രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി,വാഷിംഗ്ടൺ സുന്ദർ.

ഇംഗ്ളണ്ട് : ജോസ് ബട്ട്‌ലർ(ക്യാപ്ടൻ),ഫിൽ സാൾട്ട്,ബെൻ ഡക്കറ്റ്,ഹാരി ബ്രൂക്ക് ലിയാം ലിവിംഗ്സ്റ്റൺ,ജേക്കബ് ബെതേൽ,ജാമി ഓവർടൺ,ഗസ് അറ്റ്‌കിൻസൺ,ജൊഫ്ര ആർച്ചർ,ആദിൽ റഷീദ്,മാർക്ക് വുഡ്,ജാമീ സ്മിത്ത്,ബ്രൈഡൻ കാഴ്സ്,രെഹാൻ അഹമ്മദ്,സാക്കിബ് മഹ്‌മൂദ്.

7 pm മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്‌സ്റ്റാറിലും ലൈവ്

കളി ഇതുവരെ

1. കൊൽക്കത്തയിൽ ടോസ് നേടി ഇംഗ്ളണ്ടിനെ ബാറ്റിംഗിനിറക്കി 132 റൺസിൽ ആൾഔട്ടാക്കിയശേഷം 12.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി സൂര്യയും സംഘവും വിജയിക്കുകയായിരുന്നു.

2. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 165/9 എന്ന സ്കോർ ഉയർത്തിയപ്പോൾ തിലക് വർമ്മയുടെ(55 പന്തുകളിൽ 72 റൺസ് ) പോരാട്ടത്തിലൂടെ ഇന്ത്യ 19.2 ഓവറിൽ ലക്ഷ്യത്തിലെത്തി.

3. ഇംഗ്ളണ്ട് ഇത്തവണ ഉയർത്തിയത് 171/9 എന്ന സ്കോർ. പക്ഷേ ചേസിംഗിൽ അടിതെറ്റിയ ഇന്ത്യ 145/9 ൽ അവസാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360