SignIn
Kerala Kaumudi Online
Thursday, 22 October 2026 11.36 PM IST

സൽമാൻ ഷോ, കേരളം 302/9

cricket

ബിഹാറിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം 302/9

കേരളത്തിന് കരുത്തായത് സൽമാൻ നിസാറിന്റെ സെഞ്ച്വറി (111 നോട്ടൗട്ട് )


തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിൽ ബിഹാറിനെ ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിൽ. ക്വാർട്ടറിൽ കടക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ രഞ്ജി ട്രോഫിയിലെ തന്റെ കന്നി സെഞ്ച്വറി നേടിയ സൽമാൻ നിസാറിന്റെ (111*) ബാറ്റിംഗാണ് കേരളത്തെ മാന്യമായ നിലയിലെത്തിച്ചത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ(3) വിക്കറ്റ് നഷ്ടമായി. അടുത്തടുത്ത് ആനന്ദ് കൃഷ്ണനും(11) സച്ചിൻ ബേബിയും(4) കൂടി പുറത്തായതോടെ കേരളം42/3 എന്ന നിലയിലായി. അക്ഷയ് ചന്ദ്രനും(38) ഷോൺ റോജറും (59)ചേർന്ന കൂട്ടുകെട്ട് പ്രതീക്ഷ നല്കിയെങ്കിലും സ്കോർ 81ൽ നില്ക്കെ അക്ഷയ് പുറത്തായി.

തുടർന്ന് അഞ്ചാം വിക്കറ്റിൽ ഷോൺ റോജറും സൽമാൻ നിസാറും പടുത്തുയർത്തിയ 89 റൺസ് കൂട്ടുകെട്ടാണ് വഴിത്തിരിവായത്. 59 റൺസെടുത്ത ഷോണിനെ വീർ പ്രതാപ് സിംഗ് പുറത്താക്കി. തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും(9) ജലജ് സക്സേനയ്ക്കും(9) ആദിത്യ സർവാതെ(6)യ്ക്കും പിടിച്ചു നില്ക്കാനായില്ല. ഇതോടേ കേരളം 202/8 എന്ന നിലയിലായി.

എന്നാൽ കഴിഞ്ഞ മത്സരത്തിലെപ്പോലെ വാലറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ എം.ഡി. നിധീഷി്നറെ പ്രകടനം ഇക്കുറിയും കേരളത്തിന് മുതൽക്കൂട്ടായി. മികച്ച ഫോമിൽ ബാറ്റിംഗ് തുടർന്ന സൽമാൻ നിസാറിന് നിധീഷ് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് ഒൻപതാം വിക്കറ്റിൽ 79 റൺസാണ് നേടിയത്. നിധീഷ് 30 റൺസ് നേടി. ഇതിനിടയിൽ സൽമാൻ നിസാറിനെ തേടി രഞ്ജിയിലെ കന്നി സെഞ്ച്വറിയെത്തി. കളി നിർത്തുമ്പോൾ സൽമാൻ 111 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സൽമാൻ നിസാറിന്റെ ഇന്നിംഗ്സ്. ബിഹാറിന് വേണ്ടി ഹർഷ് വിക്രം സിങ്ങും സച്ചിൻ കുമാർ സിങ്ങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

സൽമാൻ നിസാർ

172 പന്തുകൾ

11 ഫോറുകൾ

1 സിക്സ്

111 റൺസ്

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ സൽമാൻ നിസാറിന്റെ ആദ്യ സെഞ്ച്വറി

സൽമാന്റെ 29-ാം ഫസ്റ്റ് ക്ളാസ് മത്സരത്തിലാണ് ഈ നേട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360