SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

മോഹൻ ബഗാൻ ഐ.എസ്.എൽ ഫൈനലിൽ

isl

കൊൽക്കത്ത : രണ്ടാം പാദ സെമിഫൈനലിൽ ജംഷഡ്പുർ എഫ്.സിയെ 2-0ത്തിന് തോൽപ്പിച്ച് മോഹൻ ബഗാൻ ഐ.എസ്.എൽ ഫുട്ബാളിന്റെ കലാശക്കളിക്ക് ടിക്കറ്റെടുത്തു. ആദ്യ പാദത്തിൽ 2-1ന് ജയിച്ചിരുന്ന ജംഷഡ്പുർ ഇന്നലെ അവസാന നിമിഷമാണ് രണ്ടാം ഗോൾ വഴങ്ങി പുറത്തായത്. 3-2 എന്ന ആകെ ഗോൾ മാർജിനിലാണ് ബഗാന്റെ ജയം.

ഇന്നലെ മോഹൻ ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 51-ാം മിനിട്ടിൽ പ്രണോയ് ഹാൽദറുടെ ഫൗളിന് ലഭിച്ച പെനാൽറ്റിയിൽ നിന്ന് ജാസൺ കമ്മിംഗ്സാണ് ബഗാന്റെ ആദ്യ ഗോൾ നേടിയത്. ഇതോടെ ബഗാൻ ആകെ ഗോൾമാർജിൻ 2-2 എന്ന നിലയിലാക്കി. 90 മിനിട്ട് കഴിഞ്ഞ് അഞ്ചുമിനിട്ട് ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോഴാണ് അപൂയയിലൂടെ ബഗാന്റെ രണ്ടാം ഗോൾ പിറന്നത്. പ്രണോ‌യ്‌യുടെ ഒരു മിസ്‌പാസ് പിടിച്ചെടുത്ത് ബോക്സിന് പുറത്തുനിന്ന് വലയിലേക്ക് നിറയൊഴിച്ച അപൂയ ഈ സീസണിലെ തന്റെ ആദ്യ ഗോളാണ് നേടിയത്.

ബഗാൻ Vs ബെംഗളുരു ഫൈനൽ

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ബെംഗളുരു എഫ്.സിയാണ് ബഗാന്റെ എതിരാളികൾ.

ജയിച്ചിട്ടും ഗോവ പുറത്ത്

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു രണ്ടാം പാദസെമിഫൈനലിൽ 2-1ന് ജയിച്ചെങ്കിലും ഫൈനൽ കാണാതെ പുറത്തുപോകാനായിരുന്നു എഫ്.സി ഗോവയുടെ വിധി. ആദ്യ പാദത്തിൽ 2-0ത്തിന് ബെംഗളുരു എഫ്.സി ജയിച്ചിരുന്നു. രണ്ടാം പാദത്തിന്റെ ഇൻജുറി ടൈമിൽ സുനിൽ ഛെത്രി നേടിയ ഗോളോടെ 3-2 എന്ന ആകെ ഗോൾ മാർജിനിലാണ് ബെംഗളുരു ഫൈനലിലെത്തിയത്.

ആദ്യ പാദത്തിലെ എവേമാച്ചിൽ രണ്ടുഗോൾ വഴങ്ങി തോറ്റതിന്റെ സമ്മർദ്ദത്തിലായിരുന്ന ഗോവ ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ തുടക്കംമുതൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതിയിൽ സ്കോർ ബോർഡ് തുറക്കാനായില്ല. എന്നാൽ 49-ാം മിനിട്ടിൽ ബോറിയ ഹരേരയും 88-ാം മിനിട്ടിൽ അർമാൻഡോ സാദിക്കുവും ചേർന്ന് 2-0ത്തിന് ഗോവയെ മുന്നിലെത്തിച്ചു. ഇതോടെ ആകെ ഗോൾമാർജിൻ 4-4 എന്ന നിലയിൽ സമനിലയിലായി. നിശ്ചിതസമയം അവസാനിക്കുന്നതിന് മിനിട്ടുകൾക്ക്മുമ്പ് സുനിൽ ഛെത്രി വലകുലുക്കിയതോടെ ഗോവയുടെ പുറത്തേക്കുള്ള വഴി തുറന്നു.

പ്രാഥമിക ലീഗിൽ ബെംഗളുരുവിനേക്കാൾ 10 പോയിന്റ് ലീഡിൽ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് എഫ്.സി ഗോവ.

48 പോയിന്റാണ് ഗോവയ്ക്കുണ്ടായിരുന്നത്.

38 പോയിന്റ് നേടിയ ബെംഗളുരു മൂന്നാമതായിരുന്നു.

പ്ളേ ഓഫിൽ മുൻ ചാമ്പ്യൻന്മാരായ മുംബയ് സിറ്റിയെ തോൽപ്പിച്ചാണ് ബെംഗളുരു സെമിയിലേക്ക് എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ISL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360