SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

പഞ്ചാബിനെ പഞ്ഞിക്കിട്ട് ആർ.സി.ബി

ipl

ഏഴുവിക്കറ്റിന് പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളുരു

തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വന്ന് തോൽപ്പിച്ചതിന് ആർ.സി.ബിയുടെ പ്രതികാരം

പഞ്ചാബ് കിംഗ്സ് 157/6, ആർ.സി.ബി 159/3

വിരാട് കൊഹ്‌ലി 54 പന്തുകളിൽ പുറത്താകാതെ 73 റൺസുമായി മാൻ ഒഫ് ദ മാച്ച്

5

ഈ സീസണിലെ ആർ.സി.ബിയുടെ അഞ്ചാം ജയം.

മുള്ളൻപുർ : കഴിഞ്ഞ വെള്ളിയാഴ്ച തങ്ങളുടെ ഹോം ഗ്രൗണ്ടായ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വന്ന് അഞ്ചുവിക്കറ്റിന് തോൽപ്പിച്ചിരുന്ന പഞ്ചാബ് കിംഗ്സിനോട് ഇന്നലെ അവരുടെ ഹോംഗ്രൗണ്ടിൽ ചെന്ന് പക വീട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളുരു. മുള്ളൻപുരിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏഴുവിക്കറ്റിനായിരുന്നു ആർ.സി.ബിയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ നിശ്ചിത 20 ഓവറിൽ 157/6 എന്ന സ്കോറിൽ ഒതുക്കിയശേഷം 18.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു ആർ.സി.ബി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ്മ,ഒരു വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേഡ് എന്നിവരുടെ ബൗളിംഗ് മികവിലൂടെയാണ് ആർ.സി.ബി പഞ്ചാബിനെ 157ലൊതുക്കിയത്. പ്രഭ്സിമ്രാൻ സിംഗ് (33), പ്രിയാംശ് ആര്യ (22),ജോൺ ഇൻഗിലിസ് (29),ശശാങ്ക് സിംഗ് (31 നോട്ടൗട്ട്),മാർക്കോ യാൻസെൻ (25 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് പഞ്ചാബിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് വേണ്ടി ഓപ്പണർ വിരാട് കൊഹ്‌ലിയും (73 നോട്ടൗട്ട്), മലയാളി താരം ദേവ്‌ദത്ത് പടിക്കലും (61) തകർത്തടിച്ചാണ് ഏഴുപന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തിച്ചത്. 54 പന്തുകളിൽ ഏഴു ഫോറും ഒരു സിക്സും പായിച്ച വിരാടാണ് മാൻ ഒഫ് ദ മാച്ച്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിനായി പ്രിയാംശും പ്രഭ്സിമ്രാനും 4.2 ഓവറിൽ 42 റൺസ് കൂട്ടിച്ചേർത്തശേഷമാണ് പിരിഞ്ഞത്. പ്രിയാംശിനെ ഡേവിഡിന്റെ കയ്യിലെത്തിച്ച് ക്രുനാലാണ് പഞ്ചാബിന് ആദള പ്രഹരമേൽപ്പിച്ചത്. ഏഴാം ഓവറിന്റെ ആദ്യ പന്തിൽ ഇതേരീതിയിൽ ക്രുനാൽ പുറത്താക്കി.എട്ടാം ഓവറിൽ റൊമാരിയോ ഷെപ്പേഡിന്റെ പന്തിൽ ക്രുനാലിന് ക്യാച്ച് നൽകി നായകൻ ശ്രേയസ് അയ്യർ (6)പുറത്തായതാണ് പഞ്ചാബിന് ശരിക്കും തിരിച്ചടിയായത്. 9-ാം ഓവറിൽ നെഹാൽ വധേരയും (5) മടങ്ങിയതോടെ പഞ്ചാബ് 76/4 എന്ന നിലയിലായി. തുടർന്ന് ഇൻഗിലിസ്, ശശാങ്ക്,യാൻസെൻ എന്നിവർ ചേർന്നാണ് 157ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് ആദ്യ ഓവറിന്റെ അവസാനപന്തിൽ ഫിൽ സാൾട്ടിനെ(1) നഷ്ടമായി.അർഷ്ദീപിന്റെ പന്തിൽ കീപ്പർ ഇൻഗിലിസിന് ക്യാച്ച് നൽകിയാണ് സാൾട്ട് മടങ്ങിയത്. ഇതോടെ ക്രീസിൽ ഒരുമിച്ച വിരാടും ദേവ്‌ദത്തും ചേർന്ന് പഞ്ചാബിന്റെ ബൗളർമാരെ വിറപ്പിക്കാൻ തുടങ്ങി. 35 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുമടക്കം ആഞ്ഞുവീശിയ ദേവ്‌ദത്ത് 13-ാം ഓവറിൽ ഹർപ്രീത് ബാറിന്റെ പന്തിൽ നെഹാലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ആർ.സി.ബി 109 റൺസിലെത്തിയിരുന്നു. 103 റൺസാണ് വിരാടും ദേവ്ദത്തും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. തുടർന്ന് നായകൻ രജത് പാട്ടീദാറിനെ (12) ചഹൽ പുറത്താക്കിയെങ്കിലും ജിതേഷ് ശർമ്മയെ (11*) കൂട്ടുനിറുത്തി വിരാട് വിജയത്തിലെത്തിക്കുകയായിരുന്നു.

73 നോട്ടൗട്ട്

വിരാടിന്റെ ഈ സീസൺ ഐ.പി.എല്ലിലെ നാലാമത്തെ അർദ്ധസെഞ്ച്വറി.

54 പന്തുകൾ

7 ഫോറുകൾ

1 സിക്സ്

പ്ളേയർ ഒഫ് ദ മാച്ച്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360