SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

കെ.സി.എൽ രണ്ടാം സീസൺ ലോഞ്ചിംഗ് ഞായറാഴ്ച

kcl

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിന്റെ ലോഞ്ചിംഗ് ഞായറാഴ്ച വൈകിട്ട് 5.30 ന് നിശാഗന്ധിയിൽ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ സാന്നിദ്ധ്യത്തിൽ നടക്കും. ചടങ്ങിൽ കെ.സി.പൽ ഭാഗ്യചിഹ്നങ്ങൾ മന്ത്രി പ്രകാശിപ്പിക്കും.

ആരാധകർക്കായുള്ള ഫാൻ ജേഴ്‌സിയുടെ പ്രകാശനം ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് നിര്‍വഹിക്കും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ രക്ഷക വേഷമണിഞ്ഞ സൽമാൻ നിസാറിന്റെ ഹെൽമെറ്റിനെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വീഡിയോ വേദിയിൽ പ്രദർശിപ്പിക്കും.
ലീഗിലെ ആറു ടീമുകളെയും ചടങ്ങിൽ പരിചയപ്പെടുത്തും ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി നിർവഹിക്കും. ആറ് ഫ്രാഞ്ചൈസികളുടെ ഉടമകളും ചടങ്ങിൽ സന്നിഹിതരാകും. രാത്രി 8.30 മുതൽ പ്രശസ്ത മ്യൂസിക് ബാന്‍ഡായ 'അഗം' അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

ഉദ്ഘാടന ചടങ്ങിലേക്കും സംഗീതനിശയിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ്.കുമാർ, മറ്റു കെസിഎ ഭാരവാഹികൾ, കെ.സി.എൽ കൗൺസിൽ ചെയർമാൻ നസീർ മച്ചാൻ, അദാനി ട്രിവാൻഡ്രം റോയൽസ് ഉടമകളായ പ്രിയദർശൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, ജോസ് തോമസ് പട്ടാര, ഷിബു മത്തായി, റിയാസ് ആദം, ഏരീസ് കൊല്ലം സെയ്ലേഴ്സ് ഉടമ സോഹൻ റോയ്, കൊച്ചി ബ്ലൂടൈഗേഴ്സ് ഉടമ സുഭാഷ് ജോർജ്ജ് മാനുവൽ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ഉടമ സഞ്ജു മുഹമ്മദ്, തൃശൂർ ടൈറ്റൻസ് ഉടമ സജാദ് സേഠ്, ആലപ്പി റിപ്പിൾസ് ഉടമകളായ ടി.എസ് കലാധരൻ, കൃഷ്ണ കലാധരൻ, ഷിബു മാത്യു, റാഫേൽ തോമസ് എന്നിവർ പങ്കെടുക്കും.

ലീഗിന്റെ പ്രചാരണാർത്ഥം ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ട്രോഫി ടൂറിനോടാടൊപ്പം വിവിധ പരിപാടികൾ അരങ്ങേറും.ഓരോ ജില്ലകളിലും നാലുദിവസമാണ് പ്രചരണ വാഹനം പര്യടനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360