SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പാരീസും ലിവർപൂളും തമ്മിൽ

ucl

ആദ്യ പാദ ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരെ ബാഴ്സലോണ

പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന ആദ്യ പാദ ക്വാർട്ടർ ഫൈനലുകളിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെയും സ്പാനിഷ് ക്ളബ് ബാഴ്സലോണ സ്വന്തം നാട്ടുകാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും.

പ്രീ ക്വാർട്ടറിൽ ഇംഗ്ളീഷ് ക്ളബ് ചെൽസിയെ ഇരുപാദങ്ങളിലും കീഴടക്കിയാണ് പാരീസ് ക്വാർട്ടറിലേക്കെത്തിയത്. ആദ്യ പാദത്തിൽ 5-2നും രണ്ടാം പാദത്തിൽ 3-0ത്തിനുമായിരുന്നു ചെൽസിയുടെ ജയം. ഫ്രഞ്ച് ലീഗ് വൺ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പി.എസ്.ജി കഴിഞ്ഞദിവസം 3-1ന് ടൗലോസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. ഒസ്മാനേ ഡെംബലെ, ഡിസിയർ ദുവേ,അഷ്റഫ് ഹക്കീമി, ക്‌ഷെരാത്‌വാലിയ, വിറ്റീഞ്ഞ, ഗോൺസാലോ റാമോസ് തുടങ്ങിയവരാണ് പി.എസ്.ജിയുടെ പ്രധാനികൾ.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റതിന്റെ ക്ഷീണത്തിലാണ് ലിവർപൂൾ ക്വാർട്ടർ ഫൈനലിനിറങ്ങുന്നത്. മാർച്ചിൽ നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ ബ്രൈറ്റൻ ആൻഡ് ഹോവിനോട് 2-1നും കഴിഞ്ഞവാരം എഫ്.എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് 4-0ത്തിനുമാണ് ലിവർപൂൾ തോറ്റിരുന്നത്. പ്രിമിയർ ലീഗിൽ ഈ സീസണിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ ഇപ്പോൾ. ക്ളബിൽ തന്റെ അവസാന സീസണെന്ന് ഉറപ്പിച്ച മുഹമ്മദ് സല,ഫ്ളോറിയൻ വിറ്റ്സ്, സോബോസ്ളായ്, വിർജിൽ വാൻഡിക്ക്,കോഡി ഗാപ്കോ, അലിസ്റ്റർ മക്അലിസ്റ്റർ തുടങ്ങിയവരാണ് ലിവർപൂളിനായി അണിനിരക്കുന്നത്.

കഴിഞ്ഞദിവസം സ്പാനിഷ് ലാലിഗയിൽ ഏറ്റുമുട്ടിയ ബാഴ്സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനായി ഇന്ന് വീണ്ടും ഏറ്റുമുട്ടുകയാണ്. ലാ ലിഗ പോരാട്ടത്തിൽ 2-1ന് ബാഴ്സലോണയാണ് ജയിച്ചിരുന്നത്. ഈ വിജയത്തോടെ ബാഴ്സ ലാ ലിഗയിലെ ലീഡ് നാലുപോയിന്റായി വർദ്ധിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് അത്‌ലറ്റിക്കോ ബാഴ്സലോണയോട് തോറ്റത്. അതിന് പിന്നാലെ മറ്റൊരു തോൽവികൂടി ഏറ്റുവാങ്ങാതിരിക്കാനാണ് ഡീഗോ സിമയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ ശ്രമിക്കുക.

റോബർട്ട് ലെവൻഡോവ്‌സ്കി, ലാമിൻ യമാൽ,ഡാനി ഓൾമോ,മാർക്കസ് റാഷ്ഫോഡ്,പെഡ്രി തുടങ്ങിയവരാണ് ബാഴ്സ നിരയിലെ പ്രമുഖർ. ലെവാൻഡോവ്സ്കിയും റാഷ്ഫോഡുമാണ് കഴിഞ്ഞ ഏറ്റുമുട്ടലിൽ അത്‌ലറ്റിക്കോയ്ക്ക് എതിരെ സ്കോർ ചെയ്തത്. അന്റോയ്ൻ ഗ്രീസ്മാൻ,ഗ്വിലിയാനോ സിമയോണി,കോക്കെ,വർഗാസ്,ബയേന,ജിമിനേസ് തുടങ്ങിയവരാണ് അത്‌ലറ്റിക്കോയുടെ കുന്തമുനകൾ.കോച്ചിന്റെ മകനായ ഗ്വിലിയാനോ സിമയോണി കഴിഞ്ഞ ദിവസം ബാഴ്സയ്ക്ക് എതിരെ ഗോളടിച്ചിരുന്നു.

2-2

പാരീസും ലിവർപൂളും തമ്മിൽ ഇതിനുമുമ്പ് നാലുമത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് ജയം വീതം ഇരുടീമുകൾക്കും.

252

മത്സരങ്ങളിലാണ് ഇതുവരെ ബാഴ്സയും അത്‌ലറ്റിക്കോയും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 115 വിജയം ബാഴ്സലോണയ്ക്ക്. അത്‌ലറ്റിക്കോയ്ക്ക് 80 വിജയങ്ങൾ മാത്രം.

പാരീസ് എസ്.ജി Vs ലിവർപൂൾ

ബാഴ്സലോണ Vs അത്‌ലറ്റിക്കോ മാഡ്രിഡ്

രാത്രി 12.30 മുതൽ സോണി സ്പോർട്സിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360