
മെക്സിക്കോ സിറ്റി : ഈ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം എന്ന റെക്കാഡ് സ്വന്തം പേരിൽ എഴുതിച്ചേർത്ത് മെക്സിക്കൻ താരം ജൂലിയൻ ക്വിനോനസ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ഗോളിയിൽ നിന്നുള്ള ഷോർട്ട് പാസ് ക്ളിയർ ചെയ്യുന്നതിലെ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ ശ്രദ്ധക്കുറവിൽ നിന്ന് പന്ത് തട്ടിയെടുത്ത് ക്വിനോനസ് വല കുലുക്കുകയായിരുന്നു. ഇതോടെ പെലെ, യൂർഗൻ ക്ളിൻസ്മാൻ, ഫിലിപ്പ് ലാം തുടങ്ങിയ മഹാരഥന്മാർക്കൊപ്പം ലോകകപ്പിൽ ആദ്യ ഗോൾ നേടിയവരുടെ പട്ടികയിലേക്ക് ക്വിനോനസും ഉയർത്തപ്പെട്ടു.
അപ്രതീക്ഷിതമായി ആദ്യ ഗോൾ നേടിയ ചില്ലറക്കാരനല്ല ക്വിനോനസ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ളവർ കളിക്കുന്ന സൗദി പ്രൊ ലീഗിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിന് ഉടമയായ താരം. അൽ കാദിസിയ്യ ക്ളബിനായി 31 കളികളിൽ 33 ഗോളുകൾ. അവസാന മത്സരത്തിൽ ഹാട്രിക്ക്. 29കാരനായ താരത്തിൽ നിന്ന് ഈ ലോകകപ്പിൽ ഇനിയും ഗോളുകൾ ആതിഥേയർ പ്രതീക്ഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |