SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.42 AM IST

ഗോളടിയിൽ റെക്കാഡിട്ട് മെസി , പിന്നാലെയുണ്ട് എംബാപ്പെ

world-cup

ലോകകപ്പ് ഗോൾവേട്ടയിൽ ഒന്നാമതെത്തി മെസി, രണ്ടാമനായി എംബാപ്പെ

ഡാലസ് : ഒരു വ്യാഴവട്ടമായി ജർമ്മൻ സ്ട്രൈക്കർ മിറോസ്ളാവ് ക്ളോസെ കാത്തുസൂക്ഷിച്ച ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കാഡ് ലയണൽ മെസി തകർത്ത രാത്രിയിൽ ക്ളോസെയുടെ റെക്കാഡിനൊപ്പമെത്തി കിലിയൻ എംബാപ്പെ. 2014 ലോകകപ്പോടെ കളിനിറുത്തിയ ക്ളോസെ നാലു ലോകകപ്പുകളിലായി നേ‌ടിയിരുന്നത് 16 ഗോളുകൾ. 2002,2006 ലോകകപ്പുകളിൽ അഞ്ചുഗോളുകൾ വീതവും 2010ൽ നാലുഗോളുകളും 2014ൽ രണ്ടു ഗോളുകളുമാണ് നേടിയത്.ബ്രസീലിയൻ താരം റൊണാൾഡോയുടെ 15 ഗോളുകൾ മറികടന്നശേഷമാണ് ക്ളോസെ കരിയർ അവസാനിപ്പിച്ചത്.

ഈ റെക്കാഡാണ് മെസി കഴിഞ്ഞരാത്രി മറികടന്നത്. ആറാം ലോകകപ്പിൽ കളിക്കുന്ന മെസി അൾജീരിയയ്ക്ക് എതിരായ മത്സരത്തിലെ ഹാട്രിക്കോടെ ക്ളോസെയുടെ റെക്കാഡിനൊപ്പമെത്തിയിരുന്നു. ഓസ്ട്രിയയ്ക്ക് എതിരായ ഇരട്ടഗോളോടെ മെസിയുടെ ഗോളെണ്ണം 18ആയി. 2006ലെ അരങ്ങേറ്റലോകപ്പിൽ ഒരു ഗോളടിച്ച മെസിക്ക് 2010ൽ ഗോളടിക്കാനായില്ല. 2014ൽ നാലുഗോളുകൾ,2018ൽ ഒരു ഗോൾ,2022ൽ ഏഴു ഗോളുകൾ, ഈ ലോകകപ്പിൽ ഇതുവരെ അഞ്ചുഗോളുകൾ എന്നിങ്ങനെയാണ് മെസിയുടെ കണക്ക്.

2018 ലോകകപ്പിൽ നാലുഗോളുകളുമായി അരങ്ങേറിയ എംബാപ്പെ കഴിഞ്ഞ ലോകകപ്പിൽ അടിച്ചുകൂട്ടിയത് എട്ടുഗോളുകളാണ്. ഇക്കുറി ഇതുവരെ നാലുഗോളുകൾ. മെസിക്ക് 16 ഗോളുകളിലെത്താൻ 27 മത്സരങ്ങൾ വേണ്ടിവന്നെങ്കിൽ എംബാപ്പെ വെറും 16 മത്സരങ്ങൾകൊണ്ട് 16ലെത്തി. കരിയർ ഇനിയും മുന്നിലുള്ളതിനാൽ മെസിയുടെ റെക്കാഡ് എംബാപ്പെ തകർക്കുന്നത് വിദൂരമല്ല.ഒരുപക്ഷേ അത് ഈ ലോകകപ്പിൽതന്നെ ഉണ്ടാകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

ലോകകപ്പ് ഗോൾ വേട്ടക്കാർ

ലയണൽ മെസി -18

കിലിയൻ എംബാപ്പെ -16

മിറോസ്ളാവ് ക്ളോസെ -16
റൊണാൾഡോ -15

ഗെർഡ് മുള്ളർ - 14

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360