
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
മെഡലുറപ്പിച്ച് ട്രീസ - ഗായത്രി സഖ്യം
ന്യൂഡൽഹി : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിലേക്ക് പ്രവേശിച്ച് മലയാളിയായ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം. സെമിയിൽ തോറ്റാലും ഇന്ത്യൻ സഖ്യത്തിന് വെങ്കലമുറപ്പാണ്. ഇന്നലെ നടന്ന വനിതാ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയാ യി ഫാൻ -ഷാംഗ് ഷു സിയാൻ സഖ്യത്തെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ പൊരുതിത്തോൽപ്പിച്ചാണ് ട്രീസയും ഗായത്രിയും തങ്ങളുടെ കരിയറിലെ ആദ്യ ലോകചാമ്പ്യൻഷിപ്പ് മെഡൽ ഉറപ്പാക്കിയത്. ഒരു മണിക്കൂർ ഒൻപത് മിനിട്ട് നീണ്ട പോരാട്ടത്തിൽ 16-21, 21-15, 21-13 എന്ന സ്കോറിനായിരുന്നു ജയം.
ക്വാർട്ടറിൽ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു ട്രീസ-ഗായത്രി സഖ്യത്തിന്റെ തിരിച്ചുവരവ്. ഇക്കുറി അർജുന അവാർഡിന് അർഹരായ ട്രീസയും ഗായത്രിയും 2022ലും 2023 ലും തുടർച്ചയായി ആൾ ഇംഗ്ലണ്ട് ഓപ്പണിന്റെ സെമിഫൈനലിൽ എത്തിയിട്ടുണ്ട്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇവർ കഴിഞ്ഞ വർഷം ലോക റാങ്കിംഗിൽ ആദ്യ പത്തിലും ഇടംപിടിച്ചിരുന്നു.ഈ വർഷം ആദ്യം, ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനും ഊബർ കപ്പിനും മുന്നോടിയായുള്ള പരിശീലനത്തിനിടെ ട്രീസയ്ക്ക് കണങ്കാലിന് പരിക്കേറ്റു. ഇന്തൊനേഷ്യ ഓപ്പണിലൂടെയാണ് ഇരുവരും കോർട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് യു.എസ് ഓപ്പണിൽ കളിച്ച ഇവർ ഈ മാസം ആദ്യം ഫിലിപ്പീൻ ഇന്റർനാഷനൽ ചലഞ്ചിൽ കിരീടം ചൂടുകയും ചെയ്തു.
15
വർഷത്തിന് ശേഷമാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ ലഭിക്കുന്നത്. 2011ൽ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ വെങ്കലത്തിന് ശേഷം ആദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |