
ഇന്ത്യ - പാനമ ഫുട്ബാൾ മത്സരം 1-1ന് സമനിലയിൽ
ബംഗളുരു: ഫിഫ റാങ്കിംഗിൽ തങ്ങളെക്കാൾ 94 പടവുകൾ മുകളിലുള്ള, കഴിഞ്ഞ ലോകകപ്പിൽ കളിച്ച പാനമ ദേശീയ ഫുട്ബാൾ ടീമിനെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ 1-1ന് സമനിലയിൽ തളച്ച് ഇന്ത്യ. ബെംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 41-ാം മിനിട്ടിൽ ഓസ്ട്രേലിയൻ കുപ്പായമുപേക്ഷിച്ച് ഇന്ത്യൻ ടീമിലെത്തിയ സ്ട്രൈക്കർ റയാൻ വില്യംസിന്റെ ഗോളാണ് ഇന്ത്യയ്ക്ക് ചരിത്ര സമനില നൽകിയത്. 68-ാം മിനിട്ടിൽ പകരക്കാരനായെത്തിയ ഒമർ വലൻസിയയിലൂടെയാണ് പാനമ സമനില പിടിച്ചത്.
ഫിഫ റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള ടീമാണ് പാനമ. ഇന്ത്യ ഇപ്പോൾ 138-ാം റാങ്കിലും. ഇതാദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. അടുത്ത മാസം മൂന്ന് സാക്ഷാൽ ബ്രസീലിനെയും ആറിന് ഉറുഗ്വേയേയും കൊൽക്കത്തയിൽ വച്ച് നേരിടുന്ന ഇന്ത്യയ്ക്ക്ഈ സമനില തികഞ്ഞ ആത്മവിശ്വാസമാണ് നൽകുന്നത്.
മത്സരത്തിൽ മുന്നിട്ടുനിന്നത് പാനമയായിരുന്നെങ്കിലും 41-ാം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി കുതിച്ചുപാഞ്ഞ റയാൻ വില്യംസ് പാനമ ഗോളിയെ തീർത്തും നിസഹായനാക്കിയാണ് ഇന്ത്യയ്ക്കുവേണ്ടി ഗോൾ നേടിയത്. 68-ാം മിനിട്ടിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു ഷോട്ടിലൂടെയാണ് ഒമൻ വലൻസിയ സമനില പിടിച്ചത്. മലയാളികളായ ബിജോയ് വർഗീസും ആഷിഖ് കുരുണിയനും ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നു. സഹൽ രണ്ടാം പകുതിയിൽ റയാന് പകരക്കാരനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |