SignIn
Kerala Kaumudi Online
Saturday, 26 September 2026 3.04 AM IST

ആശ കേരളത്തിന് വേണ്ടി കളിക്കും

asha-shobhana

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ക്രിക്കറ്റർ ആശ ശോഭന അടുത്ത സീസണിലും കേരളത്തിന് വേണ്ടി തന്നെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കും. റെയിൽവേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കേരള ടീമിൽ തിരിച്ചെത്തിച്ചത്. നിലവിൽ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാണ് ആശ. സ്വന്തം നാടിനായി കളത്തിലിറങ്ങണമെന്ന ആശയുടെ ആഗ്രഹവും, താരത്തെ ടീമിൽ നിലനിർത്തണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും പരിഗണിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്. ഇതോടെ ആശയ്ക്ക് റെയിൽവേസ് അനുമതി നൽകുകയായിരുന്നു.

രണ്ട് മാസം മുൻപ് നടന്ന സീചെം ട്രോഫിയിൽ ആശയുടെ നേതൃത്തിലിറങ്ങിയ കേരള ടീം ചാമ്പ്യൻസായിരുന്നു. ആശ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. ലെഗ് സ്പിൻ ഓൾറൗണ്ടറായ ആശ തിരുവനന്തപുരം സ്വദേശിനിയാണ്. കേരളത്തിന്റെ ജൂനിയർ - സീനിയർ ടീമിലൂടെ ക്രിക്കറ്റ് കരിയർ ആരംഭിച്ച ആശ, ഒരു പതിറ്റാണ്ടിലേറെയായി കേരള ടീമിന്റെ നട്ടെല്ലാണ്.

റെയിൽവേസ്, പോണ്ടിച്ചേരി ടീമുകൾക്കായും ആഭ്യന്തര ക്രിക്കറ്റിൽ പാഡണിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ എത്തിയ താരം ആർ.സി.ബിയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാല് വിക്കറ്റുകൾ വീഴ്ത്തി അന്താരാഷ്ട്ര തലത്തിലും ആശ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHA, CRICKETNEWS, WOMENS CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360