
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്നലെ ഒരു സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലങ്ങൾ
കമൽജീത് - സുരുചി സിംഗ് സഖ്യത്തിന് ഷൂട്ടിംഗിൽ സ്വർണം
ഷൂട്ടിംഗിൽ രുദ്രാൻക്ഷ് പാട്ടീൽ, നീരജ് കുമാർ,ഐശ്വരി പ്രതാപ് സിംഗ് തോമർ സഖ്യത്തിനും അത്‌ലറ്റിക്സിൽ ഗുൽവീർ സിംഗിനും വെള്ളി
അത്‌ലറ്റിക്സിൽ മൻപ്രീത് കൗറിനും ഭരണികയ്ക്കും ടേബിൾ ടെന്നിസിൽ
മാനുഷ് ഷാ- ദയ ചിതാലേ സഖ്യത്തിനും വെങ്കലം
നഗോയ : വനിതാ ക്രിക്കറ്റിലെ സ്വർണത്തിന് ശേഷം പൊന്നുകാണാൻ കാത്തിരുന്ന ഇന്ത്യൻ ആരാധകർക്ക് ഇന്നലെ രാവിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് സന്തോഷവാർത്തയെത്തി. 10 മീറ്റർ മിക്സഡ് ടീമിനത്തിൽ കമൽജീത് - സുരുചി സിംഗ് സഖ്യം സ്വർണം നേടിയിരിക്കുന്നു. അതും ഏഷ്യൻ റെക്കാഡ് തിരുത്തിക്കുറിച്ചുകൊണ്ട്. ഈ വർഷം ആദ്യം ഉസ്ബക്കിസ്ഥാൻ ന്റെ മുഹമ്മദ് കമലോവ്-നിഗിന സഖ്യം കുറിച്ചിരുന്ന 481.3 പോയിന്റിന്റെ ഏഷ്യൻ റെക്കാഡാണ് ഇന്നലെ 484.6 പോയിന്റ് നേടി കമൽജീത്- സുരുചി സഖ്യം തകർത്തത്. റെക്കാഡുകാരായി വന്ന ഉസ്ബക്കിസ്ഥാൻ സഖ്യം യോഗ്യതാ റൗണ്ടിൽ 10-ാം സ്ഥാനക്കാരായി പുറത്തായപ്പോൾ ഫൈനലിൽ കൊറിയയെ രണ്ടാമതാക്കിയായിരുന്നു ഇന്ത്യയുടെ സ്വർണം നേട്ടം. ഇറാൻ വെങ്കലം നേടി.
ഷൂട്ടിംഗ് റേഞ്ചിൽ നിന്നായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ ആദ്യ മെഡലും. 50 മീറ്റർ എയർ റൈഫിൾ ത്രീ പൊസിഷനിൽ രുദ്രാൻക്ഷ് പാട്ടീൽ, നീരജ് കുമാർ,ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരടങ്ങിയ പുരുഷ ടീമിന്റെ വെള്ളി. ഇതോടെ ഷൂട്ടിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകളുടെ എണ്ണം 10 ആയി ഉയർന്നു.
വൈകിട്ട് അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആവേശമായത് ഗുൽവീർ സിംഗിന്റെ വെള്ളിയും ബരണികയുടേയും മൻപ്രീതിന്റേയും വെങ്കലങ്ങളുമായിരുന്നു. ടേബിൾ ടെന്നിസിൽ സെമിയിൽ പരാജയപ്പെട്ട മാനുഷ് ഷായും ദയ ചിതാലേയും വെങ്കലം സ്വന്തമാക്കി. 10000 മീറ്ററിൽ 28 മിനിട്ട് 29.38 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗുൽവീർ വെള്ളിയിലെത്തിയത്.28 മിനിട്ട് 27.51 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബഹ്‌റൈനിന്റെ ബിർഹാനുവിനാണ് സ്വർണം.കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെങ്കലമാണ് ഗുൽവീർ ഇക്കുറി വെള്ളിയാക്കിയത്.ഇക്കഴിഞ്ഞ ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 10000 മീറ്ററിൽ വെള്ളിയും 5000 മീറ്ററിൽ വെങ്കലവും നേടിയിരുന്നു. ഏഷ്യൻ ഗെയിംസിലും 5000 മീറ്ററിൽ ഗുൽവീർ ഇറങ്ങുന്നുണ്ട്.
ഷോട്ട്പുട്ടിൽ 17.17 മീറ്റർ എറിഞ്ഞാണ് മൻപ്രീത് കൗർ വെങ്കലത്തിലെത്തിയത്. 19.40 മീറ്റർ എറിഞ്ഞ ചൈനയുടെ ജിയായുവാൻ സ്വർണം നേടിയപ്പോൾ 18.14 മീറ്ററിൽ ചൈനയുടെ തന്നെ ലിൻറു രണ്ടാമതെത്തി. ഈയിനത്തിൽ മത്സരിച്ച മലയാളിതാരം കൃഷ്ണ ജയശങ്കർ മേനോൻ 16.57 മീറ്റർ എറിഞ്ഞ് അഞ്ചാമതായി. വനിതകളുടെ പോൾവാട്ടിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ മെഡലാണ് തമിഴ്നാടുകാരിയായ ഭരണിക ഇളങ്കോവൻ നേടിയത്. 4.15 മീറ്ററാണ് ഭരണിക കണ്ടെത്തിയ ഉയരം. പുരുഷന്മാരുടെ 100 മീറ്ററിൽ ഇന്ത്യയുടെ ഗുരീന്ദർ വീറും അനിമേഷ് കുജൂരും ഹീറ്റ്സിൽ പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |