SignIn
Kerala Kaumudi Online
Thursday, 03 September 2026 5.39 PM IST

വെള്ളത്തിന് മുകളിൽ തല ഉയർത്തിപ്പിടിച്ച് കിടന്നത് മണിക്കൂറുകൾ; നെഞ്ചുലച്ച്‌ 91കാരിയുടെ ചിത്രം

guna-maya-bohara
പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട ഗുണ മായ ബഹോറ

കാഠ്‌മണ്ഡു: നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 91കാരി ഗുണ മായ ബഹോറയുടെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശരീരമാസകലം മണ്ണ് പുതഞ്ഞ് ജെസിബിയുടെ യന്ത്രക്കൈയിൽ ഇരിക്കുന്ന വൃദ്ധയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.

പ്രളയം ഉണ്ടായപ്പോൾ താഴത്തെ നിലയിലെ മുറിയിലായിരുന്നു ബഹോറ. ഇവരുടെ കാലിന് നേരത്തെതന്നെ വൈകല്യമുണ്ടായിരുന്നു. എന്നാൽ ശരീരം മുഴുവൻ വെള്ളത്തിൽ മുങ്ങി തല മാത്രം പുറത്തുനിൽക്കുന്ന അവസ്ഥയിലും അവർ പിടിച്ചുനിന്നു. രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് ശേഷം ശരീരം മുഴുവൻ ചെളിയിൽ മൂടപ്പെട്ട നിലയിലാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്.

നുവാക്കോട്ടിലെ ദേവീഘട്ടിലുള്ള സീനിയർ സിറ്റിസൺസ് വെൽഫെയർ ഫൗണ്ടേഷനിലെ അന്തേവാസിയായിരുന്നു ഗുണ മായ ബഹോറ. പ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന ഏഴ് വയോധികർക്ക് ജീവൻ നഷ്‌ടമായി. ബഹോറ ഉൾപ്പെടെ രക്ഷപ്പെട്ടവരെ പിന്നീട് കാഠ്‌മണ്ഡുവിലെ താൽക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റി. ജീവിതത്തിന്റെ അവസാനകാലത്ത് താമസിക്കാൻ തിരഞ്ഞടുത്ത ഇടമാണ് പ്രളയത്തിൽ നഷ്‌ടമായത്. ഇപ്പോൾ പുതിയ സ്ഥലത്ത് അവശേഷിക്കുന്ന ജീവിതം വീണ്ടും ആരംഭിക്കുകയാണ് ഈ വൃദ്ധർ.

പ്രളയം വരുന്നതിനെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട വയോധികരിൽ ഒരാൾ പറഞ്ഞു. 'പ്രഭാതഭക്ഷണ സമയത്താണ് കെട്ടിടത്തിന്റെ മേൽക്കൂര വിറയ്‌ക്കുന്നത് കണ്ടത്. ഞങ്ങൾ ഉയർന്ന സ്ഥലത്തേയ്‌ക്ക് ഓടിക്കയറി. എന്നാൽ, ഏഴോളം പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല'- അദ്ദേഹം പറഞ്ഞു. പ്രളയമുണ്ടായി ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് പ്രദേശവാസികൾ വൃദ്ധസദനത്തിലേക്കെത്തിയത്. അപ്പോഴേക്കും വെള്ളം താഴേക്ക് ഒഴുകിപ്പോയെങ്കിലും പ്രദേശമാകെ ചെളിയിൽ മൂടപ്പെട്ട നിലയിലായിരുന്നു.

രക്ഷാപ്രവർത്തകരെത്തി വയോധികരെ ആദ്യം സമീപത്തെ ആയുർവേദ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇവരെ വിമാനമാർഗം കാഠ്‌മണ്ഡുവിലെത്തിച്ചു. താൽക്കാലിക അഭയകേന്ദ്രത്തിൽ ഭക്ഷണം, വസ്‌ത്രം, മെഡിക്കൽ പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രക്ഷപ്പെട്ട വയോധികരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു.

English Summary

A 91-year-old woman, Guna Maya Bohara, has become a symbol of survival after surviving devastating floods in Nepal. Rescued from a mud-covered care home, she was flown to Kathmandu along with other survivors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD, SURVIVAL, VIRAL SURVIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360