SignIn
Kerala Kaumudi Online
Friday, 31 July 2026 12.11 PM IST

മൊറോക്കോയിൽ നിന്ന് സ്‌പെയിനിലേയ്ക്ക് നീന്തിയെത്തി ആയിരങ്ങൾ; ഒൻപത് മരണം, വൻ സംഘർഷം

immigration
സ്‌പെയിനിലേയ്ക്ക് നീന്തിക്കയറുന്ന കുടിയേറ്റക്കാർ

മാഡ്രിഡ്: മൊറോക്കോയിൽ നിന്ന് ആയിരക്കണക്കിനാളുകൾ അനധികൃതമായി അതിർത്തി കയ്യേറിയെത്തിന് പിന്നാലെ പ്രദേശത്ത് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിൽ സ്‌പെയിൻ. സ്‌പെയിൻ-മൊറോക്കോ അതിർത്തിയായ സ്യൂട്ടയിലൂടെയാണ് ജലമാർഗം ആയിരക്കണക്കിനുപേർ സ്‌പെയിനിലേയ്ക്ക് നീന്തിക്കയറിയത്. കുടിയേറ്റ ശ്രമത്തിനിടെ ഒൻപതുപേർ മരിച്ചു.

വ്യാഴാഴ്ച ആയിരക്കണക്കിന് കുടിയേറ്റക്കാർ സ്‌പെയിൻ നീന്തിക്കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. തുടർന്ന് സർക്കാരിന്റെ ഇടപെടൽ സ്യൂട്ടയിലെ പ്രാദേശിക ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു. സ്യൂട്ട നഗരത്തിൽ സൈന്യത്തെ വിന്യസിക്കുമെന്ന് സ്‌പാനിഷ് സർക്കാർ അറിയിച്ചു. വെള്ളിയാഴ്‌ച സ്‌പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസും ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മർലാസ്‌കയും സ്ഥലം സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.

സ്ഥിതി സംഘർഷഭരിതമാണെന്ന് സ്യൂട്ട അതിർത്തിയിലെ സുരക്ഷാസേനാ മേധാവി റാച്ചിദ് സ്ബിഹി പറഞ്ഞു. കൃത്യമായ കണക്ക് പറയാനാകില്ല. ആയിരക്കണക്കിന് കുടിയേറ്റക്കാർ അതിർത്തി കടന്നുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി പൂർണമായും തകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അസാധാരണ സാഹചര്യത്തിൽ തരാജൽ അതിർത്തി തുറന്നതാണ് ആളുകൾ അനധികൃതമായി സ്‌പെയിനിലേയ്ക്ക് കടക്കുന്നതിന് കാരണമായതെന്ന് മൊറോക്കൻ മനുഷ്യാവകാശ സംഘടനാ നേതാവായ അച്ച‌്റഫ് മൈമോനി പറഞ്ഞു.

തരാജൽ തീരം നീന്തിക്കടന്ന് സ്‌പെയിനിലെ പ്രാദേശിക റോഡുകളിലേക്ക് ആളുകൾ കൂട്ടമായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൽ ഭൂരിഭാഗവും യുവാക്കളാണ്. സ്ത്രീകളും ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബങ്ങളും ഉൾപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്രയുമധികം ആളുകൾ കയ്യേറ്റം നടത്തിയതെന്ന് വ്യക്തമല്ലെന്ന് സ്‌പാനിഷ് അധികൃതർ പറയുന്നു. കുടിയേറ്റ ശ്രമത്തിനിടെ മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവന്നില്ലെങ്കിലും അനേകം മൃതദേഹങ്ങൾ സ്യൂട്ട കടലിലൂടെ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി മൊറോക്കൻ സർക്കാർ സ്പെയിനുമായി സഹകരിക്കുന്നുണ്ടെന്നും അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ മൊറോക്കൻ പൊലീസ് തടയുന്നുണ്ടെന്നും സ്പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്യൂട്ടയിൽ നിയമവിരുദ്ധമായി പ്രവേശിച്ച എല്ലാവരെയും എത്രയും വേഗം തിരിച്ചെത്തിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കുടിയേറ്റ ആശങ്കകൾ കാരണം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സ്പാനിഷ് സർക്കാർ വ്യക്തമാക്കി. മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടിയും സ്വന്തം രാജ്യങ്ങളിലെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുമാണ് കുടിയേറ്റക്കാർ സ്‌പെയിനിലേയ്ക്ക് അനധികൃതമായി എത്തുന്നത്. കുടിയേറ്റക്കാർക്ക് യൂറോപ്പിലേയ്ക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗമാണ് സ്പെയിൻ എന്നതുകൊണ്ടാണ് രാജ്യത്ത് അനധികൃത കുടിയേറ്റ സംഘർഷങ്ങൾ വർദ്ധിക്കുന്നത്.

English Summary

Spain plans to deploy troops in Ceuta after thousands of migrants swam across the Morocco-Spain border illegally. Nine people died during the crossing. The mass migration prompted local authorities to seek government intervention, and Prime Minister Pedro Sánchez and Interior Minister Fernando Grande-Marlaska are expected to visit the area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPAIN BORDER CRISIS, SPAIN MOROCCO CRISIS, ILLEGAL IMMIGRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360