SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

ഹെസ്ഡാലെൻ താഴ്‌വരയിലെ അദ്ഭുത വെളിച്ചം !

pic

ഓസ്‌‌ലോ: പ്രകൃതിഭംഗിയുടെ പേരിൽ പ്രസിദ്ധമാണ് നോർവെ. മഞ്ഞ് മൂടിയ പ്രദേശങ്ങളും രാത്രികാലങ്ങളിൽ ആകാശത്ത് പച്ചയും നീലയും ചുവപ്പും നിറത്തിൽ വിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സും (അറോറ ബോറിയാലിസ്) നോർവെയിലെ പ്രത്യേകതകളാണ്. ഇക്കൂട്ടത്തിൽ ശാസ്ത്രലോകത്തിന് മുന്നിൽ ചോദ്യചിഹ്നമായി ശേഷിക്കുന്ന ഒരു പ്രതിഭാസവും നോർവെയിലുണ്ട്.

വർഷങ്ങളായി നോർവെയിലെ ഹെസ്ഡാലെൻ താഴ്‌വരയിൽ പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസമാണ് ' ഹെസ്ഡാലെൻ ലൈറ്റ്സ് '. ഹെസ്ഡാലെൻ താഴ്‌വരയുടെ 7.5 മൈൽ ഭാഗത്ത് ദൃശ്യമാകുന്ന വിചിത്ര എന്ന പ്രകാശബിംബങ്ങൾ ആണിത്. ഹെസ്ഡാലെൻ ലൈറ്റുകൾ എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്നതും അവ ശരിക്കും എന്താണെന്നതും ശാസ്ത്രത്തിന് പിടികൊടുത്തിട്ടില്ല.

പകൽ സമയങ്ങളിലും രാത്രിയിലും ഹെസ്ഡാലെൻ താഴ്‌വരയിലെ ചക്രവാളത്തിന് മുകളിലും താഴെയുമായാണ് ഈ പ്രകാശബിംബങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഏതാനും മിനിട്ടുകൾ മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഈ വെളിച്ചം അസാധാരണ തിളക്കത്തോട് കൂടിയ വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അന്തരീക്ഷത്തിൽ തന്നെ പ്രത്യക്ഷപ്പെടുകയും അന്തരീക്ഷത്തിൽ തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഹെസ്ഡാലെൻ ലൈറ്റുകൾ ചിലപ്പോൾ ആകാശത്ത് കൂടി അതിവേഗത്തിൽ കടന്നുപോകുന്നു. ചില അവസരങ്ങളിൽ ആകാശത്ത് കൂടി മുന്നിലേക്കും പിന്നിലേക്കും ചുഴറ്റി വീശുന്ന തരത്തിലോ, വട്ടമിട്ട് പറക്കുന്ന രീതിയിലോ ഒക്കെ ക്രമരഹിതമായും ഹെസ്ഡാലെൻ ലൈറ്റുകൾ ദൃശ്യമാകാറുണ്ട്.

1930കൾ മുതലാണ് ഹെസ്ഡാലെൻ ലൈറ്റുകളെ രേഖപ്പെടുത്താൻ തുടങ്ങിയത്. 1980കളുടെ തുടക്കത്തിൽ ഈ വെളിച്ചം വൻ തോതിൽ പ്രത്യക്ഷപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ആഴ്‌ചയിൽ 15 മുതൽ 20 തവണ വരെ ആകാശത്ത് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ 2010 ഓടെ ഹെസ്ഡാലെൻ ലൈറ്റുകൾ ദൃശ്യമാകുന്നത് വർഷം 10 മുതൽ 20 തവണ വരെ മാത്രമായി ചുരുങ്ങി.

അറോറ ബോറിയാലിസ്, മിറാഷ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളോട് ചിലർ ഹെസ്ഡാലെൻ ലൈറ്റുകളെ താരതമ്യപ്പെടുത്തുന്നത്. ഹെസ്ഡാലെൻ താഴ്‌വരയിലെ പാറകളിൽ സിങ്കിന്റെയും ഇരുമ്പിന്റെയും അംശം ഏറെയുണ്ട്. ഒരുപക്ഷേ, താഴ്‌വരയിൽ കാണപ്പെടുന്ന ഈ ലോഹങ്ങളുടെയോ പ്രകാശ തരംഗങ്ങളുടെയോ മൂലകങ്ങളുടെയോ വൈദ്യുതിയുടെയോ വാതകങ്ങളുടെയോ ഒക്കെ സാന്നിദ്ധ്യമാകാം വെളിച്ചത്തിന് പിന്നിലെന്നും കരുതപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360