
രണ്ടുപേരുടെ നില ഗുരുതരം
കൊളംബോ: ശ്രീലങ്കൻ നാവികസേന നടത്തിയ വെടിവയ്പിൽ അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. പുതുച്ചേരിയിൽ നിന്ന് പോയവർക്കു നേരെയാണ് സേന വെടിയുതിർത്തത്. ഇന്നലെ രാവിലെ ഡെൽഫ് ദ്വീപിന് സമീപമാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇവർ ജാഫ്നയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 13 മത്സ്യത്തൊഴിലാളികൾ കപ്പലിലുണ്ടായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. സംഭവത്തിൽ ഡൽഹിയിലെ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ചികിത്സയിലുള്ളവരെ സന്ദർശിച്ചു. ഞായറാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അനധികൃത മത്സ്യബന്ധനമെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും മൂന്ന് ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |