SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

യു.എസിൽ ആകാശ ദുരന്തം, വിമാനവും ഹെലികോ‌പ്റ്ററും കൂട്ടിയിടിച്ച് 67 മരണം

plane-crash

 28 മൃതദേഹങ്ങൾ കണ്ടെത്തി

വാഷിംഗ്ടൺ : യു.എസിൽ യാത്രാവിമാനവും സൈനിക ഹെലികോ‌പ്റ്ററും കൂട്ടിയിടിച്ച് 67 മരണം. എല്ലാവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 28 മൃതദേഹങ്ങൾ കണ്ടെത്തി. പ്രാദേശിക സമയം, ബുധനാഴ്ച രാത്രി 8.47ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 7.17) വാഷിംഗ്ടൺ ഡി.സിയിലാണ് സംഭവം.

60 യാത്രക്കാരും 4 ജീവനക്കാരുമായി കാൻസാസിലെ വിചിറ്റയിൽ നിന്ന് റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിലായിരുന്ന യു.എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ,​ വിമാന പാതയിലെത്തുകയായിരുന്നു. മൂന്ന് സൈനികരാണ് കോപ്റ്ററിലുണ്ടായിരുന്നത്. കൂട്ടിയിടിക്ക് പിന്നാലെ കോപ്റ്ററും വിമാനവും പൊട്ടിത്തെറിച്ച് പോട്ടോമാക് നദിയിൽ വീണു. വിമാനത്താവളം താത്കാലികമായി അടച്ചു. നദി തണുത്തുറഞ്ഞതിനാൽ തെരച്ചിൽ ദുഷ്കരമാണ്. ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തി. 20 വർഷം പഴക്കമുള്ള ബൊംബാർഡിയർ സി.ആർ.ജെ -700 മോഡലാണ് വിമാനം.

'നിങ്ങൾ വിമാനം കണ്ടില്ലേ"?

1. വിമാന പാതയിൽ ഹെലികോപ്റ്റർ വന്നതെങ്ങനെ

2. എന്തുകൊണ്ട് ഗതി മാറ്റിയില്ല

3. അപകടത്തിന് 30 സെക്കൻഡ് മുമ്പ്, എയർ ട്രാഫിക് കൺട്രോൾ ടവർ കോപ്റ്റർ ക്രൂവിനോട് 'നിങ്ങൾ വിമാനം കണ്ടില്ലേ " എന്ന് ചോദിച്ചു.

വിമാനത്തിന് പിന്നിലൂടെ പോകാൻ നിർദ്ദേശിച്ചെങ്കിലും വൈകി

4. വിമാനത്തെക്കുറിച്ച് കോപ്റ്റർ യാത്രികർക്ക് ധാരണയുണ്ടായിരുന്നു

 സ്കേറ്റിംഗ് താരങ്ങളും

വിമാനത്തിലെ 15 പേർ അമേരിക്കൻ, റഷ്യൻ ഐസ് സ്കേറ്റിംഗ് താരങ്ങളും കുടുംബാംഗങ്ങളും പരിശീലകരും. കാൻസാസിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. റഷ്യൻ ഐസ് സ്കേറ്റിംഗ് ദമ്പതികളായ വാഡിം നൗമോവും ഈവ്ജെനിയ ഷിഷ്കോവയും കൊല്ലപ്പെട്ടു.

# കൂട്ടിയിടി അപൂർവം

 ആകാശത്ത് വിമാന കൂട്ടിയിടി അപൂർവം. 1996ൽ സൗദി അറേബ്യൻ എയർലൈൻസ്, കസഖ്സ്ഥാൻ എയർലൈൻസ് വിമാനങ്ങൾ ഹരിയാനയിലെ ചർഖി ദാദ്രിയ്ക്ക് മുകളിൽ കൂട്ടിയിടിച്ച് 349 മരണം. ആകാശത്തുണ്ടായ വലിയ വിമാനകൂട്ടിയിടി

 യു.എസിൽ ഒടുവിലുണ്ടായ വിനാശകരമായ കൊമേഴ്ഷ്യൽ വിമാന ദുരന്തം 2009ൽ. കോൾഗൺ എയർ വിമാനം ന്യൂയോർക്കിൽ തകർന്നുവീണ് 49 മരണം

---------------------

 കോപ്റ്റർ വിമാനത്തിന് നേരെ പോയി. തെളിഞ്ഞ രാത്രിയായിരുന്നു. വിമാനത്തിൽ ലൈറ്റുമുണ്ടായിരുന്നു. കോപ്റ്റർ എന്തുകൊണ്ട് മാറിയില്ല ? എന്തുചെയ്യണമെന്ന് കൺട്രോൾ ടവർ പറയാതിരുന്നതെന്ത്? അപകടം ഒഴിവാക്കാമായിരുന്നു.

- ഡൊണാൾഡ് ട്രംപ്,

യു.എസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, PLANE CRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360