SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

വാഷിംഗ്ടൺ വിമാന ദുരന്തം: ദുരൂഹത തുടരുന്നു, മരിച്ചവരിൽ രണ്ട് ഇന്ത്യൻ വംശജരും

pic

വാഷിംഗ്ടൺ: യു.എസിൽ 67 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ദുരൂഹത തുടരുന്നു. ഹെലികോപ്റ്റർ പൈലറ്റിന്റെ പിഴവാണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയം ഒരു എയർ ട്രാഫിക് കൺട്രോളർ രണ്ടു പേരുടെ അധിക ജോലിയാണ് ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ 40ലേറെ പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തകർന്ന വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും വീണ്ടെടുത്തു. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ പുറത്തുവിടും.

പ്രാദേശിക സമയം, ബുധനാഴ്ച രാത്രിയാണ് യു.എസിനെ നടുക്കിയ ദുരന്തമുണ്ടായത്. 64 പേരുമായി സഞ്ചരിച്ച അമേരിക്കൻ എയർലൈൻസ് വിമാനത്തിലേക്ക് പരിശീലന പറക്കലിലായിരുന്ന യു.എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ഇടിക്കുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ പൊട്ടിത്തെറിയുണ്ടാവുകയും കോപ്റ്ററും വിമാനവും പോട്ടോമാക് നദിയിലേക്ക് പതിക്കുകയും ചെയ്തു.

3 സൈനികരാണ് കോപ്റ്ററിലുണ്ടായിരുന്നത്. വിമാനം വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡിംഗിന് ഒരുങ്ങവെയായിരുന്നു അപകടം. അതേ സമയം, ജി.ഇ എയറോ‌സ്‌പേസ് കമ്പനിയിലെ എൻജിനിയറായ വികേഷ് പട്ടേൽ, വാഷിംഗ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൺസൾട്ടന്റ് അസ്ര ഹുസൈൻ റാസ എന്നീ ഇന്ത്യൻ-അമേരിക്കൻ വംശജരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

 കുറ്റപ്പെടുത്തി ട്രംപ്

അപകടത്തിന് പിന്നാലെ മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയേയും ജോ ബൈഡനേയും കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുവരും പിന്തുടർന്ന ഡി.ഇ.ഐ നയത്തെ ട്രംപ് വിമർശിച്ചു. ജോലികളിൽ വംശീയ വൈവിദ്ധ്യവും ശാരീരിക പരിമിതികൾ നേരിടുന്നവരുടെ സാന്നിദ്ധ്യവും ഉറപ്പാക്കുന്ന നയമാണിത്. നയം റദ്ദാക്കാനുള്ള നീക്കങ്ങൾ ട്രംപ് നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹെലികോപ്റ്ററും വിമാനവും ഒരേ ഉയരത്തിലായിരുന്നെന്നും ഹെലികോപ്റ്ററിന്റെ ദിശ മാറ്റാനുള്ള നടപടികൾ എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുണ്ടായില്ലെന്നും ട്രംപ് പറഞ്ഞു. ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുന്ന ജീനിയസുകളെയാകണം നിയമിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. കോപ്റ്റർ വളരെ ഉയരത്തിലാണ് പറന്നതെന്നും ആരോപിച്ചു.

 ബ്രിക്‌സിന് വീണ്ടും ഭീഷണി

ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ ബ്രിക്സ് രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര ഇടപാടുകൾക്ക് യു.എസ് ഡോളറിന് പകരം പുതിയ കറൻസി രൂപീകരിച്ചാലോ മറ്റ് കറൻസിയെ ഉപയോഗിച്ചാലോ ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് ചുമത്തുമെന്ന ഭീഷണി ആവർത്തിച്ചു. ഡോളറിനെ മാറ്റില്ലെന്ന ഉറപ്പ് ഈ രാജ്യങ്ങളിൽ നിന്ന് വേണമെന്നും ട്രംപ് പറഞ്ഞു. ബ്രസീൽ,​ ദക്ഷിണാഫ്രിക്ക,​ ഇറാൻ,​ ഈജിപ്റ്റ്,​ എത്യോപിയ,​ ഇൻഡോനേഷ്യ, യു.എ.ഇ എന്നിവയാണ് ബ്രിക്സിലെ മറ്റ് അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360