
ടെൽ അവീവ്: ഗാസയിലേക്കുള്ള എല്ലാ സഹായ വിതരണവും തടഞ്ഞ് ഇസ്രയേൽ. ഒന്നാം ഘട്ട വെടിനിറുത്തലിന്റെ കാലാവധി ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ അവസാനിച്ചതിന് പിന്നാലെയാണിത്. ആറാഴ്ച നീളുന്ന രണ്ടാം ഘട്ട വെടിനിറുത്തൽ ഇന്നലെ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ചർച്ചകൾ വിജയിച്ചില്ല. ഒന്നാം ഘട്ടം 42 ദിവസത്തേക്ക് കൂടി നീട്ടണമെന്നും ഇക്കാലയളവിൽ ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ഇസ്രയേലിന്റെ ആവശ്യം. ഹമാസ് ഇത് നിരസിച്ചതോടെയാണ് സഹായ വിതരണം തടഞ്ഞത്. രണ്ടാം ഘട്ട വെടിനിറുത്തൽ തുടങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം.
രണ്ടാം ഘട്ടത്തിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്ന് ഹമാസ് പറയുന്നു. പകരം, ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറണം. ഗാസയിലെ പൂർണ പിന്മാറ്റത്തോട് ഇസ്രയേലിന് യോജിപ്പില്ല. അതിനാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കാതെ പരമാവധി ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രയേലിന്റെ ശ്രമം.
വിഷയത്തിൽ മദ്ധ്യസ്ഥ രാജ്യങ്ങൾ ഉടൻ ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. അതിനിടെ, നാല് പേരെ ഇസ്രയേൽ വെടിവച്ച് കൊന്നെന്ന് ഹമാസ് ആരോപിച്ചു. ഇവർ സൈനികർക്ക് സമീപം ബോംബ് സ്ഥാപിക്കാൻ ശ്രമിച്ചെന്ന് ഇസ്രയേൽ പ്രതികരിച്ചു.
# ഇസ്രയേൽ പറയുന്നത്
രണ്ടാം ഘട്ടത്തിന് ധാരണയായിട്ടില്ലാത്തതിനാൽ യു.എസ് ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. തങ്ങൾ ഇതിനോട് അനുകൂലമാണ്. റമദാൻ, ജൂത പെസഹാ ആഘോഷ കാലയളവ് വരെ (ഏപ്രിൽ 20 വരെ) വെടിനിറുത്തൽ നീട്ടുന്നതാണ് നിർദ്ദേശം.
ഇതിനിടെ സ്ഥിര വെടിനിറുത്തലിനുള്ള ചർച്ചകൾ ആകാം. ജീവിച്ചിരിക്കുന്ന പകുതിയോളം ബന്ദികളെ ഒന്നാം ദിനം ഹമാസ് വിട്ടയയ്ക്കണമെന്നും മറ്റുള്ളവരെ കൃത്യമായ ഇടവേളയിൽ കൈമാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 63 ബന്ദികൾ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇതിൽ 39 പേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
# യഥാർത്ഥ കരാർ ഇങ്ങനെ
15 മാസം നീണ്ട യുദ്ധത്തിനൊടുവിൽ, മൂന്ന് ഘട്ടങ്ങളായി തിരിച്ച ഗാസ വെടിനിറുത്തൽ കരാറിന്റെ ആദ്യ ഘട്ടം ജനുവരി 19ന് നിലവിൽ വന്നു. യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശ പ്രകാരം ആവിഷ്കരിച്ച കരാർ
33 ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറി. 2,000ത്തോളം പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു
രണ്ടാംഘട്ടത്തിൽ എല്ലാ ബന്ദികളെയും മോചിപ്പിച്ച് ഗാസയിൽ സ്ഥിരം വെടിനിറുത്തൽ വരണമെന്ന് കരാറിൽ പറയുന്നു. ഇതിനായി ആദ്യഘട്ടത്തിന്റെ 16-ാം ദിനം മുതൽ ചർച്ച തുടങ്ങാൻ ധാരണയായെങ്കിലും ഫലം കണ്ടില്ല
ഗാസ പുനർനിർമ്മാണമാണ് മൂന്നാം ഘട്ടത്തിൽ
------------------------------------
ഇസ്രയേൽ ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. യഥാർത്ഥ കരാറിനെ അട്ടിമറിക്കാനാണ് നീക്കം.
- ഹമാസ്
ഒന്നാം ഘട്ടം നീട്ടാൻ ഹമാസ് സമ്മതിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും.
- ബെഞ്ചമിൻ നെതന്യാഹു, ഇസ്രയേൽ പ്രധാനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |