SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

സിറിയയിൽ 340 പേരെ വധിച്ചെന്ന് റിപ്പോർട്ട്

pic

ഡമാസ്‌കസ്: സിറിയയിൽ 340ലേറെ ആളുകളെ സുരക്ഷാസേനയും സർക്കാർ അനുകൂല ആയുധധാരികളും ചേർന്ന് വധിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച മുതൽ ലതാകിയ പ്രവിശ്യയിലെ തീരദേശ മേഖലയിലാണ് കൂട്ടക്കൊല പൊട്ടിപ്പുറപ്പെട്ടതെന്നും സ്ത്രീകളും കുട്ടികളും അടക്കം അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരിൽ ഏറെയെന്നും വിവിധ സംഘടനകൾ അറിയിച്ചു. ജബ്‌ലെ, ബനിയാസ് തുടങ്ങിയ മേഖലകളിൽ സംഘർഷം രൂക്ഷമാണ്. വ്യാഴാഴ്ച മേഖലയിൽ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ അനുയായികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയിരുന്നു. 35 സുരക്ഷാ സേനാംഗങ്ങൾ അടക്കം 71 പേർ കൊല്ലപ്പെട്ടു. പിന്നാലെയാണ് അസദ് അനുകൂല വിമതർക്കെതിരെ വ്യാപക റെയ്ഡിന് ഇടക്കാല സർക്കാർ ഉത്തരവിട്ടത്.

ദൗത്യത്തിനിടെ നിയമലംഘനങ്ങളുണ്ടായെന്ന് അധികൃതർ സമ്മതിക്കുന്നു. ഔദ്യോഗിക സുരക്ഷാ സേനയ്ക്ക് പിന്തുണയറിയിച്ചെത്തിയ ജനക്കൂട്ടവും ആയുധധാരികളുമാണ് ഇതിന് കാരണമെന്നും. ചിലർ പോരാട്ടങ്ങൾക്കിടെ സാധാരണക്കാർക്കെതിരെ കുറ്റകൃത്യങ്ങൾക്ക് ശ്രമിച്ചെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ തീരദേശ മേഖലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.


അലവൈറ്റ് വിഭാഗത്തിൽപ്പെട്ട ഡസൻകണക്കിന് പുരുഷൻമാരെ നിരയായി നിറുത്തി വെടിവച്ചു കൊന്നെന്നും റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ആധികാരികത വ്യക്തമല്ല.
ഡിസംബർ 8നാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് അസദിനെ പുറത്താക്കി തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. എച്ച്.ടി.എസ് മേധാവി അഹ്‌മ്മദ് അൽ-ഷറ ജനുവരിയിൽ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360