SignIn
Kerala Kaumudi Online
Thursday, 22 October 2026 11.43 PM IST

യു.എസ് ഉന്നതരുടെ ചാറ്റ്ഗ്രൂപ്പിൽ മാദ്ധ്യമ പ്രവർത്തകനും

a

വാഷിംഗ്ടൺ: യു.എസ് ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പിൽ മാദ്ധ്യമപ്രവർത്തകനെ അബദ്ധത്തിൽ ചേർത്തു. യെമനിലെ ഹൂത്തി വിമതർക്കെതിരെ നടക്കാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചർച്ച ചെയ്ത ഗ്രൂപ്പിലാണ് 'ദി അറ്റ്‌ലാന്റിക്' മാഗസിന്റെ എഡിറ്റർ-ഇൻ-ചീഫ് ജെഫ്രി ഗോൾഡ്‌ബെർഗിനെ ചേർത്തത്. ജെഫ്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ 13നാണ് ഹൂതി പിസി സ്മോൾ ഗ്രൂപ്പ് എന്ന ഗ്രൂപ്പിൽ ചേർരാൻ മൈക്കിൾ വാൾട്ട്‌സ് എന്നൊരാളിൽ നിന്നാണ് ക്ഷണം ലഭിച്ചത്. വ്യാജമാണെന്നാണ് താൻ ആദ്യം കരുതിയെന്നും പിന്നീട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിൾ വാൾട്ട്‌സ് തന്നെയാണെന്ന് ബോധ്യപ്പെട്ടതായും ജെഫ്രി പറഞ്ഞു. ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, യുഎസ് വിന്യസിക്കുന്ന ആയുധങ്ങൾ തുടങ്ങിയ വിവരങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചതായും. പിന്നാലെ 15ന് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന വ്യോമാക്രമണം ആരംഭിച്ചതായും ജെഫ്രി കൂട്ടിച്ചേർത്തു. താൻ സ്വയം ഗ്രൂപ്പിൽ നിന്ന് പുറത്തുപോയെന്നും അത് ഗ്രൂപ്പുണ്ടാക്കിയ മൈക്കിൾ വാൾട്ട്‌സിന് നോട്ടിഫിക്കേഷനായി ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അങ്ങനെ ചെയ്തത് ജെഫ്രി റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ യെമൻ അക്രമിക്കാനുള്ള യു.എസിന്റെ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ജെഫ്രി പുറത്ത് വിട്ടിട്ടില്ല. അതേസമയം ചാറ്റ് ഗ്രൂപ്പ് യഥാർഥമാണെന്ന് വ്യക്തമാക്കിയ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയൺ ഹ്യൂസ്, ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് അറിയിച്ചു.

തനിക്ക് ഒന്നുമറിയില്ല: ട്രംപ്

മാധ്യമപ്രവർത്തകനെ ഉന്നതരുടെ ഗ്രൂപ്പിൽ ചേർത്തതിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അറ്റ്‌ലാന്റിക് റിപ്പോർട്ടിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും താൻ 'ദി അറ്റ്‌ലാന്റിക്കി'ന്റെ ആരാധകനല്ല. തന്നെ സംബന്ധിച്ച് അത് തകർന്നുകൊണ്ടിരിക്കുന്ന മാഗസിനാണെന്നും അവർക്ക് എന്ത് കിട്ടിയെന്നാണ് നിങ്ങൾ പറയുന്നതെന്നും ട്രംപ് പ്രതികരിച്ചു. അതേസമയം മൈക്കിൾ വാൾട്ട്‌സ് ഉൾപ്പെടെയുള്ള തന്റെ ദേശീയ സുരക്ഷാ സംഘത്തെ കുറിച്ച് ട്രംപിന് പൂർണവിശ്വാസമുണ്ടെന്ന് ട്രംപിന്റെ വക്താവ് കരോലിന്‍ ലീവിറ്റ് പിന്നീട് പ്രസ്താവനയിറക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360