
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നേവി ഓഫീസർ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചെന്ന് പാകിസ്ഥാൻ. പാക് പ്രതിരോധമന്ത്രാലയം രാജ്യത്തെ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. 2019ൽ അന്താരാഷ്ട്ര നീതിന്യായ കോടതി കുൽഭൂഷണിന് കോൺസുലാർ ആക്‌സസ് (വിദേശത്ത് അറസ്റ്റിലാവുകയോ ജയിലിലടയ്ക്കപ്പെടുകയോ ചെയ്യുന്ന വ്യക്തിക്ക് സ്വന്തം രാജ്യത്തിന്റെ കോൺസുലേറ്റുമായി ആശയവിനിമയം നടത്താനുള്ള അവകാശം) അനുവദിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ഇതേ ഉത്തരവിലെ പഴുതുകൾ ചൂണ്ടിക്കാട്ടിയാണ് ജയിലിൽ തുടരുന്ന കുൽഭൂഷണിന് അപ്പീൽ നൽകാനുള്ള അവകാശം പാകിസ്ഥാൻ നിഷേധിച്ചത്. നീതിന്യായ കോടതിയുടെ ഉത്തരവ് ഉയർന്ന കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശമായി മാറില്ലെന്നാണ് പാകിസ്ഥാന്റെ വാദം.
2016ലാണ് കുൽഭൂഷണെ ബലൂചിസ്ഥാനിൽ വച്ച് പാകിസ്ഥാൻ പിടികൂടിയത്. 2017ൽ ചാരപ്രവർത്തി ആരോപിച്ച് പാക് സൈനിക കോടതി രഹസ്യ വിചാരണയിലൂടെ വധശിക്ഷ വിധിച്ചു. ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് കുൽഭൂഷണിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കുൽഭൂഷണെ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പദ്ധതിപ്രകാരം ഇറാനിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |