
കയ്റോ: ഈജിപ്ഷ്യൻ മമ്മികൾ ലോകത്തിന് എന്നും അത്ഭുതമാണ്. തുത്തൻഖാമൻ രാജാവിന്റെ അടക്കം മമ്മികൾ ലോകശ്രദ്ധ നേടിയതാണ്. എന്നാൽ കണ്ടെത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഗവേഷകർ തുറക്കാൻ ധൈര്യപ്പെടാത്ത ഒരു മമ്മിയുണ്ട്. 'ബഷീറി" എന്നാണ് ഈ മമ്മി അറിയപ്പെടുന്നത്.
1919ൽ നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിൽ നിന്ന് ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ ആണ് ബഷീറി മമ്മി കണ്ടെത്തിയത്. 1922ൽ ഇതേ പ്രദേശത്ത് തന്നെയാണ് അദ്ദേഹം വിഖ്യാതമായ തുത്തൻഖാമന്റെ മമ്മി കണ്ടെത്തിയത്. ബഷീറി മമ്മി തുറന്നു പരിശോധിക്കാൻ ഇന്നും ആരും തയ്യാറല്ല. കാരണം, ഇതുവരെ കണ്ടെത്തിയ മമ്മികളിലൊന്നും കാണാത്ത തരത്തിലാണ് ബഷീറി മമ്മിയെ തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നത്.
പിരമിഡുകളെ സ്മരിപ്പിക്കും വിധം അതിസങ്കീർണമായ പാറ്റേണിലാണ് ബഷീറി മമ്മിയുടെ മുഖം തുണിയിൽ പൊതിഞ്ഞിരിക്കുന്നത്. കൃത്യമായി, അതിസൂഷ്മതയോടെ പൊതിയപ്പെട്ടിരിക്കുന്ന ഈ മൃതശരീരം പ്രധാനപ്പെട്ട ഏതോ ഒരു വ്യക്തിയുടേതാണ് എന്നതിൽ സംശയമില്ല. എന്നാൽ, അത് അഴിച്ചു പരിശോധിച്ചാൽ ഒരിക്കലും അതിനെ പഴയ പടിയാക്കാൻ ആർക്കും സാധിക്കില്ല.
മാത്രമല്ല, അതുല്യമായ സാങ്കേതികവിദ്യയിലാണ് ബഷീറി മമ്മിയെ സംരക്ഷിച്ചിരിക്കുന്നത്. തുറന്ന് പരിശോധിച്ചാൽ ഒരുപക്ഷേ മമ്മിക്ക് കേടും സംഭവിക്കും. ഏതായാലും ലഭ്യമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തുണിക്കുള്ളിലെ മൃതശരീരത്തെ പറ്റി ചില ധാരണകൾ ഗവേഷകർക്കുണ്ട്. മമ്മിയിൽ സ്‌പർശിക്കാതെ ഗവേഷകർ സി.ടി. സ്കാനും എക്‌സ് റേ പരിശോധനയും നടത്തി.
ബഷീറി മമ്മി 167 സെന്റീമീറ്റർ ഉയരമുള്ള ഒരു പുരുഷന്റേതാണെന്ന് ഗവേഷകർ പറയുന്നു. ബി.സി.ഇ രണ്ടും മൂന്നും നൂറ്റാണ്ടിനിടെയിൽ, ടോളമി കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആരോ ആണത്രെ ഇത്. നിലവിൽ കയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിലാണ് ബഷീറി മമ്മി സൂക്ഷിച്ചിരിക്കുന്നത്. ബഷീറി മമ്മിയുടെ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണത്തിൽ ഒരു മൃതശരീരത്തിന് ചുറ്റും ഐസിസ്, നെഫ്‌തൈസ് ദേവതമാരും ഹോറസ് ദേവന്റെ നാല് മക്കളും നിലകൊള്ളുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.
അതിസമ്പന്നനും പ്രസിദ്ധനുമാണ് ബഷീറി മമ്മി എന്ന് ഇതിലൂടെ മനസിലാക്കാം. എന്നാൽ ഇതാരാണെന്നത് അജ്ഞാതമാണ്. മമ്മി വഹിച്ചിരുന്ന പേടകത്തിൽ എഴുതിയ അവ്യക്തമായ ലിഖിതം 'ബഷീറി" എന്നോ 'നെനോ" എന്നോ ആണെന്ന് കരുതുന്നു. എന്നാൽ ഏതാണ് ശരിയെന്ന് കൃത്യമായി നിർണയിക്കാനും സാധിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |