SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

ഹാർബിനിലെ മായാലോകം

pic

ബീജിംഗ് : മഞ്ഞിൽ തീർത്ത ശില്പങ്ങളുടെ മായാലോകമായ ഹാർബിൻ ഇന്റർനാഷണൽ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവൽ കാണാൻ ചൈനയിൽ സഞ്ചാരികളുടെ തിരക്ക്. ജനുവരി 5നാണ് ഇക്കൊല്ലത്തെ ഹാർബിൻ ഫെസ്റ്റിവൽ ഔദ്യോഗികമായി തുടങ്ങിയത്. ഡിസംബർ അവസാനം തന്നെ പ്രധാന പ്രദർശന ഏരിയകളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ ഐസ് ഫെസ്റ്റിവലാണ് ഹാർബിനിലേത്. പേരു പോലെ തന്നെ മഞ്ഞിൽ നിന്നാണ് ഇവിടുത്തെ ശില്പങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. എല്ലാ വർഷവും ലക്ഷക്കണക്കിന് പേരാണ് ഐസ് ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തുന്നത്. വിവിധ വർണങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകളാൽ അലംകൃതമാണ് ഈ മഞ്ഞ് ലോകം. ഫെബ്രുവരി അവസാനം മഞ്ഞുരുകുന്നത് വരെ ഫെസ്റ്റിവൽ തുടരും.

ചൈനയുടെ വടക്കു കിഴക്കുള്ള ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയിലാണ് ഹാർബിൻ സ്ഥിതി ചെയ്യുന്നത്. 'സിറ്റി ഒഫ് ഐസ്' എന്നാണ് ഹാർബിൻ നഗരം അറിയപ്പെടുന്നത്. ശൈത്യകാലത്ത് ഹാർബിനിലെ താപനില മൈനസ് 12 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്.

ടൂറിസം, കൾച്ചർ, ഫാഷൻ, ട്രേഡ്, സ്പോർട്സ് എന്നിങ്ങനെ അഞ്ച് കാറ്റഗറികളായി തിരിച്ചാണ് ഫെസ്റ്റിവലിലെ പരിപാടികൾ സംഘടിപ്പിക്കുന്നത്. സൺ ഐലൻഡ് ഇന്റർനാഷണൽ സ്നോ സ്കൽപ്ചർ ആർട്ട് എക്സ്പോ, ഹാർബിൻ ഐസ് ആൻഡ് സ്നോ വേൾഡ്, സോൻഘുവ റിവർ ഐസ് ആൻഡ് സ്നോ ഹാർബിൻ വാലി, സോവോലിൻ പാർക്ക് ഐസ് ലാന്റേൺ ഫെയർ എന്നിങ്ങനെ നാല് തീം പാർക്കുകളും 150 ഓളം ഏക്കറിൽ വ്യാപിച്ചിരിക്കുന്ന വർണാഭമായ ഈ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

ഐസ് കൊണ്ടുള്ള ശില്പങ്ങൾക്കും കെട്ടിടങ്ങൾക്കുമൊപ്പം കൂറ്റൻ ടവറുകളും ഇവിടെ കാണാം. ഐസ് ഹോക്കി, ഐസ് ഫുട്ബോൾ, സ്പീഡ് സ്കേറ്റിംഗ് തുടങ്ങിയ മത്സരങ്ങളും ഫെസ്റ്റിലിന്റെ ഭാഗമായുണ്ട്. രാത്രി പ്രത്യേക ഡ്രോൺ ഷോകളും കാണാം. സന്ദർശകർക്കായി ഭക്ഷണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ശരിക്കും 1963 നാണ് ഐസ് ഫെസ്റ്റിവൽ തുടങ്ങിയത്. എന്നാൽ, സാംസ്കാരിക വിപ്ലവ കാലയളവിൽ ഫെസ്‌റ്റിവൽ നിലയ്ക്കുകയും പിന്നീട് 1985ൽ പുനരാരംഭിക്കുകയുമായിരുന്നു.

ആയിരക്കണക്കിന് കലാകാരൻമാർ ചേർന്നാണ് നിർമ്മിതികൾ തയാറാക്കുന്നത്. ഹാർബിനിലൂടെ ഒഴുകുന്ന സോൻഘുവ നദിയിൽ നിന്ന് ശേഖരിച്ച മഞ്ഞ് കട്ടകൾ കൊണ്ടാണ് രൂപങ്ങൾ നിർമ്മിക്കുന്നത്. സോൻഘുവ കിലോമീറ്ററോളം ഐസ് രൂപത്തിൽ തണുത്തുറഞ്ഞ അവസ്ഥയിലാണിപ്പോൾ. ശക്തമായ മഞ്ഞുവീഴ്ചയാണ് വടക്കൻ ഹാർബിൻ ഉൾപ്പെടുന്ന ചൈനയിലുടനീളം ഇപ്പോൾ അനുഭവപ്പെടുന്നത്. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360